മാന്നാർ: കാവടി വേഷം ധരിച്ച് ക്ഷേത്രങ്ങളിൽ ഭിക്ഷയാചിച്ച് മോഷണം നടത്തി വന്നയാളെ മാന്നാർ പോലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡു ചെയ്തു. ഹരിപ്പാട് മുട്ടം പാർവതി മന്ദിരത്തിൽ വാസുദേവൻ പിള്ളയുടെ മകൻ ഹരിദാസി(45)നെയാണ് അറസ്റ്റ് ചെയ്തത്.
കാവി വസ്ത്രം ധരിച്ച് മയിൽ പീലിയും കൈയിലേന്തി താലത്തിൽ ഭസ്മവുമായി ക്ഷേത്ര പരിസരങ്ങളിൽ കറങ്ങി നടന്ന് ഭിക്ഷയാചിക്കുകയെന്ന വ്യാജേന ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചിയും പൂജാ സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു പതിവെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ആഴ്ചയിൽ കുട്ടംപേരൂർ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുറന്നു മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭാരവാഹികൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് സിസി ടിവി പരിശോധിച്ചപ്പോൾ കാവി വേഷം ധരിച്ച് മയിൽപീലിയും പിടിച്ച ഒരാൾ മഹാവിഷ്ണു ക്ഷേത്രത്തിന്റെ മുന്പിലുണ്ടായിരുന്ന കാണിക്ക വഞ്ചി എടുത്ത് സഞ്ചിയിൽ ഇടുന്ന ദൃശ്യങ്ങൾ ലഭിച്ചു.
ഇതേത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാരാഴ്മ ക്ഷേത്രത്തിന് സമീപത്തു നിന്നും ഇയാളെ പിടികൂടിയത്. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പത്തു കാണിക്ക വഞ്ചികളും ക്ഷേത്രത്തിലെ വിവിധങ്ങളായ പൂജാ സാധനങ്ങളും കണ്ടെടുത്തു.
ക്ഷേത്രങ്ങളിൽ നിന്ന് കാണിക്കവഞ്ചിയും പൂജാ സാധനങ്ങളും മോഷ്ടിച്ച കേസിൽ അഞ്ചുസ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. മാന്നാർ സിഐ വിദ്യാധരൻ, എസ്ഐ മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.