ചേർപ്പ്: 52 പവനും വജ്രമോതിരവും പണവും കവർന്ന കേസിൽ ഹോം നേഴ്സിനെ ചേർപ്പ് പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം കൊട്ടാരക്കര സ്വദേശിനി സൂസൻ ആന്റണിയെ (43)യാണ് കൊട്ടാരക്കരയിൽ നിന്നും ചേർപ്പ് എസ്ഐ എസ്.ആർ.സനീഷും സംഘവും അറസ്റ്റു ചെയ്തത്. ചേർപ്പ് പാലയ്ക്കൽ കൈതക്കോട്ടു വീട്ടിൽ ലോനപ്പന്റെ ഭാര്യ എൽസിയുടെ 52 പവനും ഒരു വജ്രമോതിരവും പന്ത്രണ്ടായിരം രൂപയും കവർന്ന കേസിലാണ് അറസ്റ്റ്.
എൽസിയുടെ വീട്ടിൽ ഹോംനേഴ്സായി മാർച്ച് മാസത്തിലാണ് സൂസൻ ആന്റണി ജോലി ചെയ്തിരുന്നതെന്ന് പറയുന്നു. ഇതിനിടെ ഗൾഫിലേക്ക് എൽസിയും കുടുംബവും പോയി. പിന്നീട് തിരിച്ചുവന്നപ്പോഴാണ് കവർച്ചയെക്കുറിച്ച് അറിഞ്ഞതെന്ന് പറയുന്നു.
മോഷണം പോയ 52 പവനിൽ പത്തു പവൻ പോലീസ് കണ്ടെടുത്തു. ബാക്കി സ്വർണം വിറ്റ് സൂസൻ ശാസ്താംകോട്ടയിൽ അഞ്ചേകാൽ സെന്റ് സ്ഥലം വാങ്ങിയെന്നാണ് പോലീസിന് നൽകിയ മൊഴി. പ്രതിയെ തെളിവെടുപ്പിനും മറ്റുമായി ഉച്ചയോടെ കൊണ്ടുപോകും. സിപിഒ ഭരതനുണ്ണി, ബാബുരാജ് എന്നിവരും പ്രതിയെ അറസ്റ്റു ചെയ്ത സംഘത്തിലുണ്ടായിരുന്നു.