കൊച്ചി: കവർച്ചക്കേസിൽ അറസ്റ്റിലായ കൊലക്കേസ് പ്രതിയുൾപ്പെടെ രണ്ടുപേരെ റിമാൻഡ് ചെയ്തു. പൊറ്റക്കുഴിയിൽ കരിന്പ് ജ്യൂസ് കച്ചവടം നടത്തുന്ന ബീഹാർ സ്വദേശി മുഹമ്മദ് സദ്ദംയെ ദേഹോപദ്രവം ഏൽപ്പിച്ചു കവർച്ച നടത്തിയ സംഭവത്തിൽ വടുതല മണിമൂപ്പൻ റോഡിൽ താമസിക്കുന്ന ജൈബി ജോസഫ് (33), എളമക്കര കുറുപ്പുംച്ചിറ ലൈനിൽ താമസിക്കുന്ന സാം ജോസഫ് (30) എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റുചെയ്തത്.
പ്രതികൾ മദ്യം വാങ്ങാനായി കലൂർക്ക് പോകുന്പോൾ വഴിയരികിൽ കരിന്പ് ജ്യൂസ് കച്ചവടം നടത്തുന്ന മുഹമ്മദ് സദ്ദംയെ സമീപിച്ചു മദ്യം വാങ്ങാൻ പണം ആവശ്യപ്പെട്ടു. പണം നൽകാൻ തയാറാകാത്തതോടെ ഇരുവരും ചേർന്ന് മുഹമ്മദിനെ ഉപദ്രവിക്കുകയും മൊബൈൽ ഫോണും 1500 രൂപ പിടിച്ചു പറിക്കുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു.
എളമക്കര മണികണ്ഠൻ കൊലക്കേസിലെ പ്രതിയാണു ജൈബി. വീട് വളഞ്ഞു പിടികൂടുന്നതിനിടെ ഒന്നാം നിലയിൽനിന്നു ചാടിയെങ്കിലും ജൈബിയെ പിടികൂടുകയായിരുന്നു. നോർത്ത് പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ വിബിൻദാസ്, അനസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ് കൃഷ്ണ, സിവിൽ പോലീസ് ഓഫീസർമാരായ അജിലേഷ്, ഇഗ്നേഷ്യസ് എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.