പത്തനംതിട്ട: റോഡിന്റെ ഭാഗമായ കലുങ്ക് നിർമാണത്തിനു സൂക്ഷിച്ച ഇരുമ്പുകമ്പികൾ മോഷ്ടിച്ചു ബൈക്കിൽ കടത്തിയ രണ്ടു പ്രതികളെ മൂന്നാം ദിനം തന്ത്രപരമായി കുടുക്കി കീഴ്്വായ്പ്പൂര് പോലീസ്.
കീഴ്വായ്പ്പൂര് ചെങ്ങരൂർചിറ കടമാൻകുളം റോഡിന്റെ ഭാഗമായ കലുങ്കിന്റെ പണിക്കായി വെട്ടിഞ്ഞായത്തിൽ ക്ഷേത്രത്തിനു സമീപം സൂക്ഷിച്ച 50 കിലോഗ്രാം തൂക്കം വരുന്ന മൂന്നു മീറ്റർ നീളവും 10 മില്ലി മീറ്റർ കനവുമുള്ള 23 കമ്പികളാണ് മോഷ്ടിച്ചു കടത്തിയത്. 4,500 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
സിസിടിവി കുടുക്കി
മല്ലപ്പള്ളി കല്ലൂപ്പാറ ചെങ്ങരൂർചിറ കുന്നക്കാട് വീട്ടിൽ എൽവിൻ രാജൻ (25), കുന്നന്താനം തോട്ടപ്പടി മൈലമൺ ചൂരകുറ്റിക്കൽ വീട്ടിൽ ബി. ജിബിൻ (കാക്കമൊട്ട – 24) എന്നിവരാണ് അറസ്റ്റിലായത്. രാജി മാത്യു ആൻഡ് കമ്പനി എന്ന സ്വകാര്യ കന്പനിയാണ് ഈ റോഡിന്റെ നിർമാണം ഏറ്റെടുത്തു നടത്തുന്നത്.
സിസിടിവി ദൃശ്യങ്ങളും കമ്പനി സൂപ്പർവൈസറുടെയും തൊഴിലാളികളുടെയും മറ്റും മൊഴികളും രേഖപ്പെടുത്തി അന്വേഷണം നടത്തിയതോടെയാണ് പ്രതികൾ കുടുങ്ങിയത്. പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ മേൽനോട്ടത്തിൽ എസ്ഐമാരായ സുരേന്ദ്രൻ,
ജയകൃഷ്ണൻ, എഎസ്ഐ അജു കെ. അലി, സിപിഒമാരായ ജെയ്സൺ, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
ആക്രിക്കടയിൽ വിറ്റു
സിസിടിവി ദൃശ്യങ്ങളിൽനിന്ന് ഒന്നാം പ്രതി എൽവിൻ രാജനെക്കുറിച്ചു സൂചന കിട്ടി. ഇയാൾ വേറെയും കേസുകളിൽ പ്രതിയാണെന്നു വ്യക്തമായതോടെ പിടികൂടി.
ചോദ്യംചെയ്യലിൽ കൂട്ടാളിയുടെ വിവരങ്ങളും വെളിപ്പെടുത്തി. പൾസർ ബൈക്കിൽ ഇരുമ്പുകമ്പികൾ മോഷ്ടിച്ചു കടത്തുകയായിരുന്നു.
കന്പി മടുക്കോലിയിൽ തമിഴ്നാട് സ്വദേശിയുടെ ആക്രിക്കടയിൽ വിറ്റ് 1050 രൂപ വാങ്ങി. മുഴുവൻ മോഷണ മുതലും കണ്ടെടുത്തു. കുന്നന്താനം മൈലമൺ ചുരകുറ്റിക്കൽ സ്വദേശിയുടേതായിരുന്നു ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക്.
നിരവധി കേസുകൾ
തിരുവല്ല സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിനടപടി നേരിടുന്ന എൽവിൻ രാജൻ ജാമ്യത്തിലിറങ്ങിയതാണ്. ഇയാൾ കീഴ്വായ്പ്പൂര് പോലീസ് സ്റ്റേഷനിൽ 2016ൽ രജിസ്റ്റർ ചെയ്ത വധശ്രമ കേസിലും 2019ലെ ദേഹോപദ്രവ കേസിലും ഈവർഷത്തെ രണ്ടു കഞ്ചാവ് കേസുകളിലും പ്രതിയാണ്.
ജിബിൻ 2017, 2022 വർഷങ്ങളിൽ കീഴ്വായ്പ്പൂര് സ്റ്റേഷനിലെടുത്ത മൂന്നു കഞ്ചാവ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.