ചെങ്ങന്നൂർ : മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് കുട്ടികളുടെ കണ്ണിൽ മുളകുപൊടി വിതറി ആക്രമിച്ച ശേഷം മോഷണം. പ്രതി പിടിയിൽ. കല്ലിശേരിൽ ഉമയാറ്റുകര കണ്ടത്തിൽ തറയിൽ ജോണിന്റെ മകൻ ജിതിൻ ജോണി (23)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവൻവണ്ടൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ തോട്ടുമുക്ക് ആങ്ങായിൽപടിയിൽ സുരേഷ് ബാബുവിന്റെ വീട്ടിൽ കഴിഞ്ഞദിവസം രാത്രി എട്ടോടെയായിരുന്നു സംഭവം. മകൾ അനഘ, മകൻ അഖിലേഷ് എന്നിർക്കു നേരെയാണ് ആക്രമണം ഉണ്ടായത്.
വീടിനു പിറകിലെ ചായിപ്പിന്റെ ഗ്രിൽ ഡോർ തുറന്ന് അകത്തു കടന്ന പ്രതി പ്രതി അടുക്കളയിൽ നിന്നെടുത്ത മുളകുപൊടി ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ കണ്ണിൽ മുളകുപൊടി വിതറുകയായിരുന്നു.
കുട്ടികൾ നിലവിളിക്കുകയും മുറിക്കുള്ളിൽ വെപ്രാളം കൊണ്ട് ഓടി നടന്ന് ബഹളം വച്ചു. പ്രതി വീണ്ടും ഇവരുടെ പിന്നാലെ പാഞ്ഞടുത്തു തലയിലും മുഖത്തും മുളക് പൊടി പ്രയോഗം നടത്തി ഉപദ്രവിച്ചു. ഇതിനിടയിൽ അനഘയുടെ കഴുത്തിനു കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചതായി കുട്ടി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
ഇതേ തുടർന്നു അഖിലേഷ് പ്രതിയുമായി ഏകദേശം 15 മിനിട്ടോളം നീണ്ട സംഘട്ടനത്തിൽ പ്രതി വീടിന്റെ അടുക്കള (ചായിപ്പ്) വാതിലിലൂടെ ഇറങ്ങി ഓടുകയായിരുന്നു. ചാർജ് ചെയ്യാൻ വച്ചിരുന്ന സ്മാർട്ട് ഫോണും കൈക്കലാക്കിയാണ് പ്രതി രക്ഷപെട്ടത്.
സ്വർണ്ണവും പണവും നഷ്ടമായോ എന്ന് കൂടുതൽ അന്വേഷണത്തിലെ അറിയാൻ കഴിയൂ. അഖിലേഷിന്റെ കാലിനും കൈയ്ക്കും പരിക്കുണ്ട്. കാലിന്റെ എല്ലിന് പൊട്ടലുണ്ടായതിനെത്തുടർന്ന് ഗവ. ജില്ലാആശുപത്രിയിൽ ചികിത്സ തേടി.
സഹോദരന്റെ സമയോചിതമായ ഇടപെടലിലൂടെ ജീവൻ തിരികെ ലഭിച്ചു എന്ന് അനഘ പറഞ്ഞു. വാർഡ് അംഗം ഗീതാ സുരേന്ദ്രനാണ് പോലീസിൽ വിവരം അറിയിച്ചത്. പോലീസ് എത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തി.
ചെങ്ങന്നൂർ സിഐ എം. സുധിലാലിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാൾ വിവിധ കേസുകളിൽ ശിക്ഷ അനുഭവിച്ചയാളാണ്.