ആലപ്പുഴ: മുല്ലയ്ക്കൽ എവിജെ ജ്വല്ലറിയിൽനിന്ന് സ്വർണാഭരണങ്ങൾ കവർന്നയാളെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം ചങ്ങനാശേരി മാടപ്പള്ളി ഭഗവതിക്ഷേത്രത്തിനു സമീപം പുതുപ്പള്ളി വീട്ടിൽ താമസിക്കുന്ന ജോസഫ് മാത്യുവാണ് പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ചയാണ് മോഷണം നടന്നത്. സ്വർണം വാങ്ങാൻ എന്ന വ്യാജേന എത്തിയ മോഷ്ടാവ് സ്റ്റാഫിന്റെ കണ്ണുവെട്ടിച്ച് ഡിസ്പ്ലേ ബോക്സിൽ സൂക്ഷിച്ചിരുന്ന രണ്ടര പവൻ തൂക്കം വരുന്ന ബ്രേസ്ലെറ്റുകൾ മോഷ്ടിച്ചു കൊണ്ടു പോകുകയായിരുന്നു.
ലോക് ഡൗൺ കാലയളവിൽ മാസ്ക് ധരിച്ച് മോഷണം നടത്തിയാൽ തന്നെ പോലീസ് തിരിച്ചറിയില്ല എന്ന പ്രതിയുടെ തന്ത്രമാണ് പോലീസിനു മുന്നിൽ പാളിപ്പോയത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ നിരവധി ജ്വല്ലറി മോഷണ കേസിൽ പ്രതിയാണ് ജോസഫ് മാത്യു.
ആലപ്പുഴ നോർത്ത് സി.ഐ. വിനോദിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ടോൾസൺ ജോസഫ്, സീനിയർ സിപിഒ ബിനോജ്, സിപിഒമാരായ വിഷ്ണു, ലാലു അലക്സ്, പ്രവീഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം പ്രതിയെ മാടപ്പള്ളി ക്ഷേത്രത്തിനു സമീപത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.