മാന്നാർ: ബസുകളിൽ യാത്ര ചെയ്ത് മാല പൊട്ടിക്കുന്ന തമിഴ്നാട് കേന്ദ്രീകരിച്ചുള്ള സ്ത്രീ സംഘങ്ങൾ സജീവമാകുന്നു. കായുകുളം-തിരുവല്ല, മാന്നാർ-ചെങ്ങന്നൂർ, മാന്നാർ-ഹരിപ്പാട് തുടങ്ങി യാത്രാ തിരക്കുളള സ്വകാര്യ ബസുകളിലാണ് ഇത്തരക്കാർ യാത്ര ചെയ്ത് കുഞ്ഞുങ്ങൾ അടക്കമുള്ളവരുടെ മാലകൾ പറിക്കുന്നത്.
കേരളത്തിൽ ഉത്സവ സീസണ് തുടങ്ങിയതോടെ നൂറോളം ഇത്തരത്തിലുള്ള സ്ത്രീകൾ പലയിടങ്ങളിലായി ക്യാന്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ബസ് യാത്രക്കിടെ വീട്ടമ്മയുടെ മാല പൊട്ടിച്ച തമിഴ്നാട് സ്വദേശി അസ്റ്റിലായതിൽ നിന്നാണ് പോലീസിന് കൂടുതൽ വിവരങ്ങൾ ഇത് സംബന്ധിച്ച് ലഭിച്ചിരിക്കുന്നത്.
തമിഴ്നാട് തിരുന്നൽവേലി തൂത്തുക്കുടി അണ്ണാനഗർ 13-ാം നന്പർ വീട്ടിൽ കല്യാണി(38)യെ കഴിഞ്ഞ ദിവസം പോലീസ് ബസിൽ യാത്ര ചെയ്ത വീട്ടമ്മയുടെ മാല പൊട്ടിച്ചതിന് അറസ്റ്റിലായിരുന്നു. ചെന്നിത്തല കല്ലൂംമൂട് ജംഗ്നിൽ വച്ച് വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കുന്നത് യാത്രക്കാരാണ് കണ്ടത്.
എണ്ണയ്ക്കാട് കുഴിവേലിൽ പുത്തൻ വീട്ടിൽ രാഘവന്റെ ഭാര്യ സരസമ്മയുടെ രണ്ടര പവൻ വരുന്ന മാലയാണ് ഇവർ പൊട്ടിച്ചെടുത്തത്. ബസിലെ യാത്രക്കാർ മോഷ്ടാവായ തമിഴ്നാട് യുവതിയെ തടഞ്ഞ് വച്ച മാന്നാർ പോലീസിൽ എല്പിക്കുകയായിരുന്നു.
പൊട്ടിച്ച മാല ഇവരുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തു. ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. തിരക്കുള്ള ബസുകളിൽ യാത്ര ചെയ്ത് മാലയും പണവും അപഹരിക്കുന്ന തമിഴ്നാട് മോഷണ സംഘത്തിലെ കണ്ണികളാണ് ഇവരെന്നും കൂടുതൽ പേർ ഇത്തരത്തിൽ തന്പടിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.