കഞ്ചിക്കോട്: കഴിഞ്ഞ 23ന് രാത്രി ചന്ദ്രനഗർ ബാലാജി പെട്രോൾ പന്പിനു മുന്നിൽനിന്നും മിനിവാൻ മോഷ്ടിച്ച കേസിൽ അഞ്ചംഗ സംഘത്തെ കസബ പോലീസ് അറസ്റ്റുചെയ്തു. കഞ്ചിക്കോട് ചുള്ളിമട സ്വദേശികളായ മണികണ്ഠൻ (33), ലക്ഷ്മണൻ (32), ചടയൻകാലായ് സ്വദേശികളായ അനു (30), അസൈനാർ (32), വട്ടപ്പാറ സ്വദേശി കറുപ്പുസ്വാമി (32) എന്നിവരാണ് അറസ്റ്റിലായത്.
ഗ്രീൻലൈൻ ട്രാവൽസിന്റെ ഉടമസ്ഥതയിലുള്ള ടാറ്റാ എയ്സ് മാജിക് വാഹനമാണ് മോഷണംപോയത്. ബസ് ഡ്രൈവറായ ഒന്നാംപ്രതി മണികണ്ഠനാണ് കള്ളതാക്കോൽ ഉപയോഗിച്ച് വാഹനം സ്റ്റാർട്ട് ചെയ്തത്.തുടർന്നു അഞ്ചംഗസംഘം ഉൗടുവഴികളിലൂടെ തമിഴ്നാട്ടിലെത്തിച്ച് മേട്ടുപ്പാളയത്ത് കൊണ്ടുപോയി വില്പന നടത്തുകയായിരുന്നു.
പിന്നീട് പണം അഞ്ചുപേരും പങ്കിട്ടെടുക്കുകയായിരുന്നു. സിസിടിവി കാമറകൾ, ടോൾ ബൂത്തുകൾ, മുൻ മോഷ്ടാക്കൾ എന്നിവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. പ്രതികളെ വാളയാർ, കഞ്ചിക്കോട് ഭാഗങ്ങളിൽനിന്നുമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്. മോഷണംപോയ വാഹനവും പോലീസ് കണ്ടെത്തി.
പ്രതികൾ കൂടുതൽ കളവുകേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. നടപടിക്രമങ്ങൾക്കുശേഷം പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസബ ഇൻസ്പെക്ടർ കെ.വിജയകുമാർ, എസ്ഐ റിൻസ് എം.തോമസ്, എസ്ഐമാരായ സുരേഷ്, നാരായണൻകുട്ടി, സിപിഒ മാരായ കെ.ബി.രമേശ്, എ.പി.പ്രജീഷ്, എസ്.ഷനിൽ, ഡ്രൈവർ സേവ്യർ ജില്ലാ ക്രൈംസ്ക്വാഡ് അംഗങ്ങളായ ആർ.കിഷോർ, കെ.അഹമ്മദ് കബീർ, ആർ.വിനീഷ്, ആർ.രാജീവ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.