തലശേരി: നഗരമധ്യത്തിലെ വ്യാപാര സ്ഥാപനങ്ങൾ കൊള്ളയടിച്ച കേസിൽ അറസ്റ്റിലായത് അന്തർ സംസ്ഥാന കവർച്ചാസംഘം.
തലശേരി പുതിയ ബസ്സ്റ്റാൻഡിനടുത്ത ഉസ്നാസ് ടവറിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയ കേസിൽ കൊച്ചിയിൽ നിന്നു പിടിയിലായ തൊട്ടിൽപാലം മൊയിലോത്തറയിലെ നാരയുള്ളപറമ്പത്ത് ഷൈജു എന്ന വി.കെ. ഷിജു, കാഞ്ഞങ്ങാട് ഉദയനഗർ അരുപുരം കരക്കക്കുണ്ട് ഹൗസിൽ മുഹമ്മദ് റഫീഖ് എന്നിവർ അന്തർ സംസ്ഥാന കവർച്ചാ സംഘത്തിലെ അംഗങ്ങളാണെന്ന് പോലീസ് വ്യക്തമാക്കി.’
ഷൈജു കേരളത്തിൽ മാത്രം 200 കവർച്ചാ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. റഫീക്ക് പിടിച്ചുപറി കേസിൽ അഞ്ചുവർഷം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. തലശേരിയിലെ കവർച്ചയ്ക്കുശേഷം കൂത്തുപറമ്പ്, വയനാട്, കോഴിക്കോട് വഴിയാണ് ഇരുവരും കൊച്ചിയിലേക്ക് കടന്നത്.
മുഖംമൂടി ധരിച്ചാണ് സംഘം കവർച്ച നടത്തിയത്. കവർച്ചയ്ക്കുശേഷം കൂത്തുപറമ്പുവരെ ഇരുവരും സഞ്ചരിച്ചത് സിസിടിവി ദൃശ്യങ്ങളിൽനിന്നു മനസിലാക്കിയ പോലീസ് സംഘം ഇരുവരെയും തിരിച്ചറിയുകയായിരുന്നു.
കൊച്ചിയിൽനിന്നു പിടിയിലായ ഇരുവരെയും തലശേരി സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. പ്രതികളിൽനിന്ന് ഒരു ലക്ഷം രൂപ കണ്ടെടുത്തു. മൂന്ന് ലക്ഷം രൂപയാണ് ഇരുവരും നഗരത്തിലെ കടകളിൽനിന്നു കവർന്നത്.
ചോദ്യം ചെയ്യലിനും മെഡിക്കൽ പരിശോധനയ്ക്കും ശേഷം ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.ഉസ്നാസ് ടവറിലെ എംആർഎ ബേക്കറി, സ്റ്റാൻഡ്വ്യൂ ഫാർമസി, ഷിഫ കളക്ഷൻസ്, മെട്രോ സിൽക്സ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ വെള്ളിയാഴ്ച അർധരാത്രി കവർച്ച നടത്തിയത്.
എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് സംശയകരമായ സാഹചര്യത്തിൽ കഴിഞ്ഞ ദിവസമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കൈവശം പണം കണ്ടത് ചോദ്യം ചെയ്തപ്പോഴാണ് കവർച്ചാസംഘമാണെന്ന് തിരിച്ചറിഞ്ഞത്.
തലശേരി പ്രിൻസിപ്പൽ എസ്ഐ വി. ദീപ്തി, സിപിഒമാരായ ഹിരൺ, ആകർഷ്, ശ്രീലാൽ എന്നിവരടങ്ങുന്ന സംഘം അന്വേഷണത്തിന്റെ ഭാഗമായി അമ്പതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു.