കോട്ടയം: ചിങ്ങവനം പോലീസിന്റെ ഇടപെടലിൽ ബസിലെ കവർച്ചയ്ക്ക് തുന്പുണ്ടായി. മോഷ്ടിച്ച മൊബൈൽ ഫോണും കിട്ടി. സ്വകാര്യ ബസ് യാത്രയ്ക്കിടയിൽ യാത്രക്കാരിയുടെ ബാഗിൽ നിന്നു പണം മോഷ്്ടിക്കാൻ ശ്രമിച്ചതിന് യാത്രക്കാർ പിടികൂടി സ്റ്റേഷനിൽ എത്തിച്ച നാടോടി സ്ത്രീയെ ചോദ്യം ചെയ്തതോടെയാണ് മറ്റൊരു മോഷണക്കേസ് വിവരം പുറത്തായത്. തമിഴ്നാട് മേട്ടുപാളയം സ്വദേശിനി മാരിയമ്മ (45)യേയാണ് ചിങ്ങവനം പോലീസ് പിടികൂടിയത്.
ഇന്നലെ വൈകുന്നേരം ജെസ്റ്റിൻ എന്ന സ്വകാര്യ ബസിലെ യാത്രക്കാരിയുടെ പണം മോഷ്ടിക്കാൻ ശ്രമിച്ചതിനാണ് പിടിയിലായത്. ബസ് പന്നിമറ്റത്ത് എത്തിയപ്പോഴാണ് വാഴച്ചിറ വടക്കേപറന്പിൽ തങ്കമ്മ ചാക്കോയുടെ ബാഗിന്റെ സിബ് ഒരു സ്ത്രീ തുറക്കുന്നതു മറ്റു യാത്രക്കാർ കണ്ടത്. യാത്രക്കാർ കയ്യോടെ പിടികൂടി സ്ത്രീയെ ചിങ്ങവനം സ്റ്റേഷനിൽ എത്തിച്ചു. തങ്കമ്മ ബാഗ് പരിശോധിച്ചപ്പോൾ ഒന്നും നഷ്്ടപ്പെട്ടിട്ടില്ലെന്നു കണ്ടെത്തി.
പക്ഷേ ചിങ്ങവനം പോലീസ് മാരിയമ്മയുടെ പക്കലുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോൾ വില കൂടിയ മൊബൈൽ ഫോണ് ലഭിച്ചു. തുടർന്ന് ഇവരെ ചോദ്യം ചെയ്തെങ്കിലും പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ പോലീസ് ഫോണ് പരിശോധിച്ചു. പുതുപ്പള്ളി സ്വദേശിനിയായ ഡോ. റോസമ്മ മാത്യുവിന്റേതാണ് ഫോണ് എന്നു മനസിലായി. ഇവരെ ബന്ധപ്പെട്ടപ്പോഴാണ് ബസിൽ വച്ച് പണവും ഫോണും പോക്കറ്റടിച്ചതാണെന്ന് വ്യക്തമായത്.
ബസിൽ വച്ചു കഞ്ഞിക്കുഴി ഭാഗത്തു നിന്നുക നഷ്്ടപ്പെട്ടതാണെന്നു ബോധ്യപ്പെട്ടു. ഇതോടെ മാരിയമ്മയുടെ പേരിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചു. ഈ സമയം മാരിയമ്മയുടെ ബിപിയും രക്തത്തിലെ പഞ്ചസാരയുടെ അളവും ഉയർന്നതോടെ ഇവരെ പോലീസ് സംരക്ഷണയിൽ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടറുടെ മൊബൈൽ ഫോണും പണവും മോഷ്ടിച്ചതിന് ചിങ്ങവനം പോലീസ് കേസെടുത്ത് കോട്ടയം ഈസ്റ്റ് സ്റ്റേഷനിലേക്ക് അയച്ചുകൊടുക്കും.