കൊച്ചി: തമിഴ്നാട്ടിലെ മരിയാർ ഭൂതം എന്നറിയപ്പെട്ടിരുന്ന അന്തർസംസ്ഥാന കുറ്റവാളിയായ മോഷ്ടാവ് 40 വർഷത്തിനിടെ നടത്തിയത് 400 ൽ അധികം മോഷണ കേസുകൾ. ഇതിൽ ഭൂരിഭാഗവും വീടുകളും കടകളും രാത്രികാലങ്ങളിൽ കുത്തിത്തുറന്നുള്ള മോഷണങ്ങളും. ഇത്തരത്തിൽ ലഭിക്കുന്ന പണം ഇയാൾ വിനിയോഗിച്ചിരുന്നതാകട്ടെ ലൈംഗിക സംതൃപ്തിയ്ക്കായിരുന്നെന്നും പോലീസ് പറയുന്നു.
കേരളത്തിലും തമിഴ്നാട്ടിലും കവർച്ച നടത്തി പോലീസിനെ കബളിപ്പിച്ച് മുങ്ങിനടന്ന ചെന്നൈ വെപ്പേരി പുരസൈവാക്കം ന്യൂ നന്പർ -7ൽ ദാവീദിന്റെ മകൻ മരിയാർ ഭൂതം എന്ന ലോറൻസ് ഡേവിഡിനെ (ഗോപി-62) യാണ് പോലീസ് സാഹസികമായി പിടികൂടിയത്. അവിവാഹിതനായ പ്രതിയിൽനിന്നും മോഷണത്തിന് ഉപയോഗിക്കുന്ന ഇരുന്പ് കന്പി, സ്ക്രൂ ഡ്രൈവറുകൾ, ടോർച്ച് എന്നിവയും മോഷണം നടത്തിയെടുത്ത 25 പവനിലധികം സ്വർണാഭരണങ്ങളും വിദേശ കറൻസികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി.എസ്. സുരേഷിന്റെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. പാലാരിവട്ടം സൗത്ത് ജനതാ റോഡിലെ സ്ഥാപനത്തിൽനിന്നു 1,10,000 രൂപ കവർന്ന കേസിൽ ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെ പോലീസിനെ കണ്ട് ബൈക്കിൽ പാഞ്ഞുപോയ പ്രതിയെ പിന്തുടർന്ന് സാഹസികമായി കീഴടക്കുകയായിരുന്നു.
കഴിഞ്ഞ ഒരു മാസമായി ഇയാൾ എറണാകുളം സൗത്ത് ഭാഗത്തുള്ള ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പകൽ മുറിക്കുള്ളിൽ കഴിയുകയും രാത്രിയിൽ ബൈക്കിൽ കറങ്ങിയുമാണ് ഇയാൾ മോഷണം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ചെന്നൈ പുരസരവാക്കം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം ഉൗർജിതമാക്കിയതോടെയാണ് ഇയാൾ കേരളത്തിലേക്കെത്തിയത്.
2018 നവംബറിൽ പുതുച്ചേരി ജയിലിൽനിന്നു ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാൾ കേരളത്തിലെത്തി തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകൾ കേന്ദ്രീകരിച്ച് മോഷണം നടത്തി ഒളിവിൽ കഴിഞ്ഞുവരുന്നതിനിടെയാണ് പാലാരിവട്ടം പോലീസിന്റെ പിടിയിലാകുന്നത്.കേരളത്തിൽ എറണാകുളം സൗത്ത്, നോർത്ത് പോലീസ്, സെൻട്രൽ പോലീസ്, തിരുവനന്തപുരം വഞ്ചിയൂർ പോലീസ് സ്റ്റേഷൻ, മ്യൂസിയം പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിരവധി മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണ്.
തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 33ലധികം കേസുകളിൽ ഇതിനോടകം ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മറ്റു കേസുകളുടെ വിചാരണ നടക്കുന്നതിനിടെയാണ് ഇയാൾ ഒളിവിൽ പോയതെന്ന് തമിഴ്നാട് പോലീസ് അറിയിച്ചു. ശിക്ഷിക്കപ്പെട്ട് 20 വർഷത്തിലധികം തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും വിവിധ സെൻട്രൽ ജയിലുകളിൽ കഴിഞ്ഞിട്ടുണ്ട്.
തമിഴ്നാട്ടിൽ അഞ്ചു തവണ ഗുണ്ടാ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ജയിൽ ശിക്ഷ അനുഭവിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ഇയാൾക്കെതിരേ കേസുള്ളതിനാൽ പ്രതിയെ കസ്റ്റഡിയിൽവാങ്ങി തുടരന്വേഷണം നടത്തേണ്ടതായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.