കൊച്ചി: സ്കൂട്ടർ മോഷണക്കേസിൽ പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് മിലിട്ടറി കണ്ണൻ എന്നു വിളിക്കുന്ന ആലപ്പുഴ മുല്ലക്കൽകളത്തിൽ കണ്ണൻ (39) റിമാൻഡിൽ. എറണാകുളം സെൻട്രൽ പോലീസ് പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് നടത്തിയ ശക്തമായ നിരീക്ഷണത്തെത്തുടർന്നാണു പ്രതി കുടുങ്ങിയത്.
കഴിഞ്ഞ ഡിസംബർ 19നായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. എറണാകുളം പുല്ലേപ്പടിയിലുള്ള സ്ഥാപനത്തിനു മുന്നിൽനിന്നു പ്രതി സ്കൂട്ടർ മോഷ്ടിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഉടമയായ യുവതി വാഹനം പാർക്ക് ചെയ്തു കടയുടെ ഉള്ളിലേക്ക് പോയ സമയത്താണു പ്രതി വാഹനം മോഷ്ടിച്ചു കടന്നുകളഞ്ഞത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസിന് പ്രതിയുടെ ചിത്രം സിസിടിവി കാമറയിൽനിന്ന് ലഭിച്ചു.
വിശദമായ അന്വേഷണത്തിൽ പ്രതി എറണാകുളത്ത് വന്നു പോകാറുള്ള വിവരവും ലഭിച്ചു. ഇതേത്തുടർന്ന് സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെ മിലിട്ടറി കണ്ണൻ ഇന്നലെ എറണാകുളത്ത് എത്തിയതറിഞ്ഞ പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജിയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ സബ് ഇൻസ്പെക്ടർ വേണുഗോപാൽ, സീനിയർ സിപിഒമാരായ ഫ്രാൻസിസ്, രഞ്ജിത്, സിപിഒമാരായ ഇസഹാക്ക്, ഇഗ്നേഷ്യസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.