പയ്യന്നൂർ: പാതിരാത്രിയിലെ മോഷണ ശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് ഓടിച്ചിട്ട് പിടികൂടി.തൃക്കരിപ്പൂര്‍ വഴുവക്കാട് സ്വദേശി വി.മുഹമ്മദിനെയാണ് (42) പോലീസ് സാഹസികമായി ഓടിച്ചിട്ട് പിടികൂടി അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് ഇയാള്‍ പയ്യന്നൂര്‍ പഴയ ബസ്സ്റ്റാൻഡിൽ പോലീസിന്റെ വലയില്‍ കുടുങ്ങിയത്.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം സ്വാതന്ത്ര്യ ദിന സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസ് ലോഡ്ജുകളും വാഹനങ്ങളും പൊതു സ്ഥലങ്ങളും വ്യാപകമായി പരിശോധിച്ചിരുന്നു.അതിനിടയിലാണ് പോലീസിനെ കണ്ടതോടെ മൂന്നുപേർ ബസ്സ്റ്റാൻഡിന്റെ മൂലയില്‍ പതുങ്ങി നില്ക്കുന്നതായി കണ്ടത്.പോലീസ് അടുത്തെത്തിയപ്പോഴേക്കും മൂവര്‍ സംഘം ഓട്ടം തുടങ്ങി.
അതിലൊരാളെ ഓടിച്ചിട്ട് പിടികൂടിയപ്പോഴാണ് ഇയാള്‍ കണ്ണൂര്‍, വളപട്ടണം, തളിപ്പറമ്പ്,പഴയങ്ങാടി എന്നിവിടങ്ങളില്‍ നടന്നിട്ടുള്ള നിരവധി മോഷണ കേസുകളിലെ പ്രതിയാണെന്ന് ഇയാളെ മുമ്പ് പിടികൂടിയിട്ടുള്ള പയ്യന്നൂര്‍ എസ്ഐ ശ്രീജിത്ത് കൊടേരിക്ക് മനസിലായത്.
ഇയാളില്‍നിന്നും മോഷണത്തിനായി ഉപയോഗിക്കുന്ന സ്ക്രൂഡ്രൈവറും മറ്റുപകരണങ്ങളും പോലീസ് പിടികൂടി.ഇയാളെ ഓടിപ്പിടിക്കുന്നതിനിടയില് കൂടെയുണ്ടായിരുന്ന തൃക്കരിപ്പൂര്‍ സ്വദേശികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടിരുന്നു.എസ്ഐ രാജീവന്,സിപിഒ മോഹനന് എന്നിവരും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്