കുമാരനല്ലൂർ: കോട്ടയം നഗരസഭ കൗണ്‍സിലറുടെ വീട്ടിൽ മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ യുവാവിനെ റിമാൻഡ് ചെയ്തു. ഈരാറ്റുപേട്ട ആനയിളപ്പ് മുണ്ടക്കൽപറന്പിൽ മുഹമ്മദ് ഫൈസലിനെ(40)യാണ് അറസ്റ്റു ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഇയാൾ മോഷണം നടത്തിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബർ 28 നാണ് സംഭവം. കുമാരനല്ലൂരിലെ നഗരസഭാംഗമായ ജയകുമാറിന്റെ വീട്ടിൽ കയറിയാണ് ഇയാൾ മോഷണം നടത്തിയത്. വീടിന്റെ ഒരു വശത്തെ ജനൽപാളി കുത്തിയിളക്കിയ പ്രതി, ഈ വിടവിലൂടെ അകത്തു കയറി മോഷണം നടത്തുകയായിരുന്നു. വളയും, മാലയും, കമ്മലും മോതിരവും അടക്കം 17 പവൻ സ്വർണാഭരണങ്ങളും 25,000 രൂപയുമാണ് ഇയാൾ മോഷ്്ടിച്ചത്.
സംഭവത്തിനുശേഷം ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയശേഷം ആഭരണങ്ങൾ പൊതിഞ്ഞുകെട്ടി അലമാരയിലേയ്ക്കു മാറ്റി. തുടർന്നു കണ്ണൂരിലെത്തി ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് മൊബൈൽ ഫോണ്‍ നന്പരുകളും, ടവർ ലൊക്കേഷനും, സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചു അന്വേഷണം നടത്തി പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
രാത്രികാലങ്ങളിൽ ഇയാൾ വീട്ടിലെത്തുന്നതായി ജില്ലാ പോലീസ് ചീഫ് പി.എസ്. സാബുവിനു രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ കഴിഞ്ഞ നവംബർ 28 ന് തിരുനക്കരയിൽ ഇന്ദ്രപ്രസ്ഥലം ഓഡിറ്റോറിയത്തിനു സമീപത്തെ വനിതാ ഹോസ്റ്റൽ നടത്തിയ മോഷണത്തിനു പിന്നിലും താനാണെന്ന് മുഹമ്മദ് ഫൈസൽ പോലീസിനോട് സമ്മതിച്ചു.
ഇവിടെ നിന്നും 1.25 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് ഇയാൾ മോഷ്ടിച്ചത്. കോഴിക്കോട് വെള്ളയിൽ ഭാഗത്തെ വീട്ടിൽ 2019 ഡിസംബർ നാലിനു നടത്തിയ മോഷണത്തിനു പിന്നിലും ഇയാളാണെന്ന് പോലീസ് പറഞ്ഞു. 70,000 രൂപയും ആറു പവനും വജ്രമോതിരവുമാണ് ഇവിടെ നിന്നും മോഷ്ടിച്ചത്.
പകൽ സമയത്ത് മാത്രമാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. മോഷണത്തിനുശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയാണ് ചെയ്യുന്നത്. ഗാന്ധിനഗർ എസ്എച്ച്ഒ ക്ലീറ്റസ് കെ. ജോസഫ്, കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ്‍, ഗാന്ധിനഗർ എസ്ഐ ടി.എസ്. റെനീഷ്, ഗ്രേഡ് എസ്ഐ ടി.കെ. സജിമോൻ, എഎസ്ഐ എം.പി. സജി, ഗ്രേഡ് എസ്ഐ ഷിബുക്കുട്ടൻ, എഎസ്ഐ പി.എൻ. മനോജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.