കൊച്ചി: ബൈക്ക് മോഷണം നടത്തിയ തമിഴ്നാട് സ്വദേശിയായ സിവിൽ എൻജിനിയർ പോലീസ് പിടിയിൽ. തോപ്പുംപടി സ്വദേശി സുൾഫിക്കറിന്റെ ബൈക്ക് നോർത്ത് റെയിൽവെ സ്റ്റേഷനിൽനിന്നു മോഷ്ടിച്ച തമിഴ്നാട് സ്വദേശി മുത്തുകുമാറാണ് നോർത്ത് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മട്ടാഞ്ചേരിയിൽ താമസിക്കുന്ന സുൾഫിക്കർ കോഴിക്കോട്ടുള്ള ബന്ധു വീട്ടിലേക്ക് പോകുവാനായി നോർത്ത് റെയിൽവേ സ്റ്റേഷന്റെ മുന്നിൽ ബൈക്ക് പാർക്ക് ചെയ്തശേഷം ട്രെയിനിൽ യാത്ര തിരിച്ചു. കഴിഞ്ഞ 10ന് വൈകുന്നേരം റെയിൽവെ സ്റ്റേഷനിൽ എത്തി ബൈക്ക് നോക്കിയപ്പോഴാണ് മോഷണം പോയതായി മനസിലായത്. തുടർന്ന് ഇയാൾ നോർത്ത് പോലീസിൽ പരാതി നൽകുകയായിരുന്നു.
ഒന്പതാം തീയതി വൈകുന്നേരം പ്രതി ബൈക്ക് സ്റ്റാർട്ട് ആക്കുവാൻ ശ്രമിക്കുന്നത് നോർത്തിലെ ഒരു ഹോട്ടൽ ജീവനക്കാരൻ കണ്ടിരുന്നു. സംശയം തോന്നിയ ഹോട്ടൽ ജീവനക്കാരൻ പ്രതിയോട് കാര്യങ്ങൾ ആരാഞ്ഞപ്പോൾ സുഹൃത്തിന്റെ ബൈക്കാണെന്നും കേടായതിനാൽ നന്നാക്കുവാനായി വർക്ക്ഷോപ്പിൽ കൊണ്ടുപോകുകയാണെന്നുമാണ് പറഞ്ഞിരുന്നത്.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മോഷ്ടിച്ച ബൈക്ക് ഇയാളിൽനിന്നു പോലീസ് കണ്ടെടുത്തു. ഇയാൾ തമിഴ്നാട്ടിൽനിന്നു ജോലി അന്വേഷിച്ച് ആറ്മാസം മുന്പാണു കേരളത്തിൽ എത്തിയത്. കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. നോർത്ത് ഇൻസ്പെക്ടർ സിബി ടോമിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി.ബി. അനസ്, എഎസ്ഐ വിനോദ് കൃഷ്ണ തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.