തൊടുപുഴ: ബസിൽ കയറി കവർച്ച പതിവാക്കിയ തമിഴ്നാട് സ്വദേശികളായ രണ്ടു സ്ത്രീകളെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കെ പുത്തൂർ സ്വദേശികളായ മുത്തുമാരി, പാണ്ഡിയമ്മ എന്നിവരാണ് പിടിയിലായത്.
സമാന രീതിയിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടയിൽ വെള്ളത്തൂവൽ പോലീസിന്റെ പിടിയിലായ ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് തൊടുപുഴയിൽ വച്ച് ബസിൽ നിന്നു പണവും സ്വർണവും അപഹരിച്ച മൂന്നു കേസുകളിൽ പ്രതികൾ ഇവരാണെന്ന് തെളിഞ്ഞത്.
ഇവരുടെ ചിത്രം കണ്ട് തൊടുപുഴ എസ്ഐ വി.സി വിഷ്ണുകുമാർ ഇവരെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഏതാനും ദിവസം മുൻപ് എഴുമുട്ടം സ്വദേശി കാർത്യായനിയുടെ 37 ഗ്രാം വരുന്ന സ്വർണാഭരണങ്ങൾ, കുമാരമംഗലം സ്വദേശി രേഷ്മയുടെ 4000 രൂപ എന്നിവ കവർന്നത് ഇവരാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം തൊടുപുഴ കോ ഓപ്പറേറ്റീവ് സ്കൂൾ ജീവനക്കാരി മായയുടെ കൈവശം സൂക്ഷിച്ചിരുന്ന 1,65,000 രൂപ മോഷ്ടിച്ചതും ഇവരാണ്. തിരക്കുള്ള ബസുകളിൽ കയറി കവർച്ച നടത്തി രക്ഷപ്പെടുകയായിരുന്നു ഇവരുടെ പതിവ്. പണവും സ്വർണവും നഷ്ടപ്പെട്ട വീട്ടമ്മമാർ ഇവരെ തിരിച്ചറിഞ്ഞു.