അന്പലപ്പുഴ: ബസിൽ യാത്ര ചെയ്ത അധ്യാപികയുടെ പണം കവർന്ന രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ. പാലക്കാട് സ്വദേശിനികളായ മല്ലിക, ദൈവാണി എന്നിവരെയാണ് അന്പലപ്പുഴ പോലീസ് അറസ്റ്റു ചെയ്തത്.
ഇന്നലെ രാവിലെ ഹരിപ്പാടു നിന്ന് ബസിൽ കയറിയ അധ്യാപിക കരുവാറ്റയിലിറങ്ങിയപ്പോൾ ബാഗിന്റെ സിബ്ബ് പൊട്ടിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് ബാഗ് പരിശോധിച്ചപ്പോൾ ഇതിൽ സൂക്ഷിച്ചിരുന്ന 9000 രൂപ നഷ്ടപ്പെട്ടതായി അറിഞ്ഞു.
ഉടൻ മറ്റൊരു ഓട്ടോറിക്ഷയിൽ പിന്തുടർന്ന് തോട്ടപ്പള്ളിയിൽ ബസ് തടഞ്ഞു. വിവരം അന്പലപ്പുഴ പോലീസിനെ അറിയിച്ചു. പിന്നീട് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്ന് പണം കണ്ടെത്തിയത്.
അന്പലപ്പുഴ സ്റ്റേഷനിൽ എത്തിച്ച ഇരുവരെയും പിന്നീട് ഹരിപ്പാട് പോലീസിനു കൈമാറി.