ചങ്ങനാശേരി: പായിപ്പാട്ടുള്ള ഇതര സംസ്ഥാന തൊഴിലാളി ക്യാന്പിൽ മുഖംമൂടി ആക്രമണം നടത്തി തൊഴിലാളികളുടെ മൊബൈൽ ഫോണും പണവും മോഷ്ടിച്ച ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി സ്വദേശിയും ഇത്തിത്താനത്ത് ശ്രീലത എന്ന വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയുമായ നിധിൻ (25) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
നിരവധി കഞ്ചാവ് കേസുകളിലെയും തമിഴ്നാട് കന്പത്ത് വീട്ടമ്മയുടെ മാലപൊടിച്ച കേസിലെയും പ്രതിയാണ് നിധിനെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് മുഖംമൂടി അണിഞ്ഞ സംഘം തൊഴിലാളി ക്യാന്പിലെത്തി തൊഴിലാളികളുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുകളും കവർച്ച ചെയ്തത്.
ഈ കേസിൽ കുന്നന്താനം പാമല പാറയിൽ അഖിൽ (23), നാലുകോടി കാലായിപ്പടി ആറാട്ടുകുളങ്ങര ജിബിൻ (25), പായിപ്പാട് പള്ളിക്കച്ചിറ പ്ലാമൂട്ടിൽ അൽ അമീൻ (25) എന്നിവരെ കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ഇനിയും ചങ്ങനാശേരി സ്വദേശി നിജാസ് എന്നയാളെക്കൂടി പിടികിട്ടാനുള്ളതായി പോലീസ് പറഞ്ഞു.
അൽ അമീന്റെ വീട്ടിൽ സമ്മേളിച്ചാണ് ഇവർ മോഷണത്തിനുള്ള നടപടികൾ ആസൂത്രണം ചെയ്തത്. അൽ അമീൻ ഇതരസംസ്ഥാന തൊഴിലാളി ക്യാന്പിലെ സന്ദർശകനായിരുന്നു.
കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നിർദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി എസ്. സുരേഷ്കുമാർ, തൃക്കൊടിത്താനം എസ്ഐ റിച്ചാർഡ് വർഗീസ്, ആന്റി ഗുണ്ടാ സ്ക്വാഡ് അംഗങ്ങളായ കെ.കെ. റെജി, പ്രതീപ് ലാൽ, വി.എം. ബിജു, അശോകൻ, രജനീഷ്, ബെന്നി ചെറിയാൻ എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്യാൻ നേതൃത്വം നല്കിയത്.