പാലക്കാട്: മാല പൊട്ടിക്കൽ, ഭവനഭേദനം, ഭണ്ഡാരമോഷണം എന്നിവ തൊഴിലാക്കിയ രണ്ട് മോഷ്ടാക്കളെ പാലക്കാട് ടൗണ് നോർത്ത് പോലീസ് അറസ്റ്റു ചെയ്തു. ഒലവക്കോട് പുതിയ പാലം സ്വദേശി ഷാഫിദ് (18 ), ഒറ്റപ്പാലം, കാഞ്ഞിരക്കടവ് കാളത്തൊടി വീട്ടിൽ അബൂബക്കർ (22) എന്നിവരെയാണ് മഴക്കാല മോഷണങ്ങൾ തടയുന്നതിന്റെ ഭാഗമായി നോർത്ത് എസ്ഐ ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടന്നു വന്ന പ്രത്യേക രാത്രികാല പട്രോളിങ്ങ് സംഘം ഇന്നലെ രാത്രി പാലക്കാട് -കോഴിക്കോട് ബൈപ്പാസ് റോഡിൽ വെച്ച് പിടികൂടിയത്.
സംശയകരമായ സാഹചര്യത്തിൽ ബൈക്കിലെത്തിയ ബൈക്ക് പരിശോധിച്ചതിൽ നന്പർ പ്ലേറ്റ് അഴിച്ചു മാറ്റിയതായി ശ്രദ്ധയിൽപ്പെടുകയും, ബൈക്കിൽ ഒളിപ്പിച്ചു വെച്ച ഇരുന്പ് കന്പിയും പോലീസ് കണ്ടെടുക്കുകയായിരുന്നു. ഇവരെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിൽ അടുത്തിടെ പാലക്കാട് നഗര പരിസരങ്ങളിൽ നടന്ന, ബൈക്കിലെത്തി മാല പൊട്ടിച്ച അഞ്ചോളം കേസ്സുകൾക്കും, ഒരു ഭവനഭേദന കേസ്സും, ഇരുപതോളം ഭണ്ഡാര മോഷണക്കേസ്സുകൾക്കും തുന്പ് ലഭിച്ചതായി പോലീസ് അറിയിച്ചു.
പാലക്കാട് കല്പാത്തി മണൽ മന്ത, അംബികാപുരം സ്വദേശിനി സ്വർണ്ണലതയുടെ രണ്ട് പവൻ തൂക്കമുള്ള മാല പൊട്ടിച്ചതും, കല്പാത്തി പത്മനാഭന്റെ ഭാര്യയുടെ ഒരു പവൻ തൂക്കം വരുന്ന മാല പൊട്ടിച്ചതും, കല്പാത്തി , വൈദ്യനാഥപുരം സ്വദേശിനി ഭാഗ്യലക്ഷ്മിയുടെ ഒന്നരപ്പവന്റെ മാല പൊടിച്ചതും, കരിങ്കരപ്പുള്ളി, അന്പലപ്പറന്പ് , എൻ.വി. നിവാസിൽ അന്നപൂർണ്ണേശ്വരിയുടെ രണ്ടരപ്പവന്റെ മാല പൊട്ടിച്ചതും, കുഴൽമന്ദം, കണ്ണനൂർ സ്വദേശിനി ഗീതയുടെ രണ്ടരപ്പവന്റെ മാല പൊട്ടിച്ചതും, പ്രതികൾ തങ്ങളാണെന്ന് പോലീസിനോട് കുറ്റസമ്മതം നടത്തി.കൂടാതെ കഴിഞ്ഞയാഴ്ച കണ്ണാടി, മണലൂരിലുള്ള രൂപേഷ് കുമാറിന്റെ വീട് പട്ടാപ്പകൽ കുത്തിത്തുറന്ന് ലാപ്ടോപ്, കാമറ, പെൻഡ്രൈവുകൾ എന്നിവ മോഷ്ടിച്ചതും ഇവരാണ്.
കൂടാതെ പാലക്കാട് ഡിപിഒ റോഡിലുള്ള സെന്റ് മേരീസ് ചർച്ച്, ധോണി സെന്റ് ജെയിംസ് ചർച്ച്, പൂച്ചിറ സുന്നി മസ്ജിദ്, പന്നിയംപാടം ചുരത്തിങ്കൽപ്പള്ളി, എഴക്കാട് ബംഗ്ലാവ് കുന്ന് ചർച്ച്, കോങ്ങാട് മുഹിയുദ്ദീൻ സുന്നി മസ്ജിദ്, ഒന്പതാം മൈൽ മാർ ഗ്രിഗോറിയസ് ചർച്ച്, നെല്ലിപ്പുഴ ജുമാ മസ്ജിദ് , മാങ്ങോട് ജുമാ മസ്ജിദ് , നൊട്ടമല ജുമാ മസ്ജിദ്, തൃക്കളൂർ സുബ്രമണ്യ ക്ഷേത്രം, മാങ്ങോട് മില്ലുംപടി മുസ്ലിം പള്ളി, തുപ്പുനാട് ജുമാമസ്ജിദ്,പൊന്നംകോട്സെന്റ് ആന്റണി ചർച്ച്, തച്ചന്പാറ മസ്ജിദു റഹ്മ, മുള്ളത്തുപാറ മഖാം പള്ളി തുടങ്ങി പാലക്കാട് , തൃശൂർ, മലപ്പുറം ജില്ലകളിലെ മുന്നൂറോളം അന്പലം, പള്ളി, ചർച്ച് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണംമോഷ്ടിച്ചതായിപ്രതികൾസമ്മതിച്ചു.
പകൽ സമയം ബൈക്കിൽ കറങ്ങി നടന്ന് ഒറ്റക്ക് നടന്നു വരുന്ന സ്ത്രീകൾ, കുളക്കടവിൽ ഒറ്റക്കു കുളിക്കുന്ന സ്ത്രീകൾ എന്നിവരെ നിരീക്ഷിച്ച് തക്കം നോക്കി മാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെടുകയാണ് ചെയ്യുന്നത്. രാത്രി സമയം ഭണ്ഡാര മോഷണവും നടത്തി വരുന്നു. ഏകദേശം ഒരു വർഷത്തോളമായി ഇവർ മോഷണം നടത്തി വരുന്നു.
ആദ്യമായിട്ടാണ് പോലീസിന്റെ പിടിയിലാവുന്നത്.ഇവരുടെ കൂട്ടത്തിലുള്ള മൂന്നാമനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മോഷണ മുതലുകൾ വിറ്റു കിട്ടുന്ന പണം ബൈക്കിൽ കറങ്ങി അടിച്ചു പൊളിച്ച് ചില വാക്കുകയാണ് ഇവരുടെ രീതി. പ്രതികൾ വിറ്റഴിച്ച സ്വർണ്ണാഭരണങ്ങൾ പാലക്കാട് ടൗണിലെ ജ്വല്ലറികളിൽ നിന്നും പോലീസ് കണ്ടെടുത്തു.
പാലക്കാട് ഡിവൈഎസ്പി ജി.ഡി. വിജയകുമാറിന്റെ നിർദ്ദേശത്തെത്തുടർന്ന് ടൗണ് നോർത്ത് എസ്ഐ ആർ. രഞ്ജിത് ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ. നന്ദകുമാർ, പി.എ നൗഷാദ്, ആർ. കിഷോർ, എം. സുനിൽ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, എസ്. സന്തോഷ് കുമാർ, ആർ. രാജീദ്, ആർ.ദിലീഷ് എന്നിവരടങ്ങിയ സംഘമാണ് കേസ്സന്വേഷണം നടത്തിവരുന്നത്.