ഇരിട്ടി: പർദ ധരിച്ച് വേഷം മാറി വന്ന് ബന്ധുവിന്റെ വീട്ടിൽ നിന്നു സ്വർണാഭരണങ്ങൾ കവർന്ന പ്രതിയെ വീരാജ്പേട്ട പോലീസ് അറസ്റ്റ് ചെയ്തു. വീരാജ്പേട്ട സ്വദേശി ഹാരീസാണ് അറസ്റ്റിലായത്. കഴിഞ്ഞ മേയ് 21 നാണ് കേസിനാസ്പദമായ സംഭവം.
വീരാജ്പേട്ട കെഎസ്ആർടിസി ബസ്സ്റ്റാൻഡിന് സമീപത്തെ സഹോദരന്റെ വീട്ടിൽ തനിച്ചായിരുന്ന വയോധികയുടെ പക്കൽ നിന്നു മൂന്ന് പവനോളം വരുന്ന സ്വർണാഭരണങ്ങൾ കവർന്ന് പ്രതി കടന്നുകളയുകയായിരുന്നു.
പർദ അണിഞ്ഞു സ്ത്രീ വേഷത്തിലാണ് പ്രതി വീട്ടിനുള്ളിൽ കയറിക്കൂടിയത്. മോഷണത്തിനുശേഷം കടന്നുകളഞ്ഞ പ്രതി വീരാജ്പേട്ട ടൗണിൽനിന്നു കാറിലാണ് രക്ഷപ്പെട്ടത്. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലാകുന്നത് .
മോഷണം നടത്തിയ സ്വർണം ഇരിട്ടിയിലെ സ്വർണാഭരണ കടയിൽ വിറ്റ് പേരക്കുട്ടികൾക്ക് രണ്ടുപവനോളം വരുന്ന സ്വർണാഭരണം വാങ്ങിയതായും പ്രതി മൊഴി നൽകിയതായി പോലീസ് പറയുന്നു.