പിറവം: മകളുടെ കഴുത്തിൽ കത്തിവെച്ച് മാതാവിന്റെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത സംഭവത്തിൽ രണ്ടു പ്രതികളെ പിറവം പോലീസ് പിടികൂടി. തേനി ബോഡിമേട്ട് സ്വദേശികളായ നാഗരാജ് സുബ്രഹ്മണ്യൻ (27), നാഗരാജ് വീരപ്പൻ (30) എന്നിവരെ മലപ്പുറം കൊണ്ടോട്ടിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി കനകരാജിനെ മൂന്നാഴ്ച മുന്പ് പോലീസ് പിടികൂടിയിരുന്നു.
കഴിഞ്ഞ ജൂണ് 30ന് അർദ്ധരാത്രിയാണ് വീട് കുത്തിത്തുറന്ന് ഉള്ളിൽ പ്രവേശിച്ച മോഷണ സംഘം 14-കാരിയുടെ കഴുത്തിൽ കത്തിവെച്ച് അമ്മയുടെ സ്വർണാഭരണങ്ങൾ കവർന്നത്. ഓണക്കൂർ നിരപ്പ് കോലാട്ടേൽ ശാന്തി ജോണിയുടെ വീട്ടിലാണ് മോഷണം നടന്നത്. സമീപത്തുള്ള മൂന്നു വീടുകളിലും മോഷണ ശ്രമമുണ്ടായി.
മോഷണ സംഘത്തിലെ കനകരാജിനെ വെള്ളൂരിൽ നിന്നുമായിരുന്നു അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് മറ്റു പ്രതികളാരൊക്കെയാണസിലാക്കിയെങ്കിലും ഇവർ ഒളിവിൽ പോയിരുന്നു. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.
മൊബൈൽ ഫോണ് സ്വിച്ച് ഓഫ് ചെയ്തായിരുന്നു ഇവർ മുങ്ങിയത്. മൊബൈലിന്റെ ഐഎംഐ നന്പർ ലഭിച്ചതോടെ മറ്റൊരു സിം കാർഡാണ് ഇവർ ഉപയോഗിക്കുന്നതെന്ന് മനസിലായി. ഇത് പരിശോധിച്ചപ്പോൾ മലപ്പുറത്ത് ഇടവെണ്ണ ഭാഗത്തെ സിഗ്നൽ ലഭിച്ചിരുന്നു. പിന്നീട് മൊബൈൽ ഫോണ് സ്വിച്ച് ഓഫ് ചെയ്തു.
കത്തി ചാണയ്ക്കുവെയ്ക്കുക, ദോശ കല്ലുകൾ വിൽക്കുക, ആക്രി സാധനങ്ങൾ പറുക്കി വിൽക്കുക തുടങ്ങിയവയാണ് ഇവർ ചെയ്തുവന്നിരുന്നത്. ഇതിനാൽ ആക്രി സാധനങ്ങൾ പറുക്കുന്ന ചിലരുമായി പോലീസ് ബന്ധപ്പെട്ടിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടിയിലെ ഒരു ആക്രകടയ്ക്ക് സമീപം ഇവർ താമസിക്കുന്നുണ്ടെന്നുള്ള വിവരം ലഭിച്ചു. ഇതനുസരിച്ച് കൊണ്ടോട്ടി പോലീസിന്റെ സഹായത്തോടെയാണ് പോലീസ് പ്രതികളെ പിടികൂടിയത്. കോടതയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പിറവം എസ്ഐ കെ. വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ തെളിവെടുപ്പിനായി വീടുകളിൽ എത്തിച്ചിരുന്നു. ധാരാളം നാട്ടുകാരാണ് പ്രതികളെ കാണുന്നതിനായി തടിച്ചുകൂടിയത്. ഇരുവരും സമാനമായ രീതിയിൽ തൃശൂർ, നെടുന്പാശേരി, വടക്കൻപറവൂർ എന്നിവിടങ്ങളിൽ മോഷണം നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു. പലതിലും ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.