കണ്ണൂ ർ: ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ വാരം ശാസ്താംകോട്ട ക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ നിന്നു സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ വാരം സ്വദേശിയെ അറസ്റ്റ് ചെയ്തു. വാരത്തെ പ്രശാന്തി (44) നെയാണ് ചക്കരക്കൽ എസ്ഐ പി. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 16ന് പുലർച്ചെയാണ് വാരം ശാസ്താംകോട്ട ബന്ധന്പേട്ട് സുരേശന്റെ വീട്ടിൽ കവർച്ച നടന്നത്. സുരേശന്റെ മകൾ വർഷയുടെയും പേരക്കുട്ടിയുടെയും സ്വർണാഭരണങ്ങളാണ് മോഷണം പോയത്. വർഷ പ്രസവത്തിനായി വീട്ടിലെത്തിയതായിരുന്നു.
പ്രസവം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ചടങ്ങ് 16ന് നടക്കാനിരിക്കെയാണ് മോഷണം നടന്നത്. അലമാരയിൽ വച്ചിരുന്ന സ്വർണാഭരണങ്ങൾ ബാഗിലാക്കി കിടപ്പുമുറിയുടെ സമീപമുള്ള സോഫയിൽ സൂക്ഷിച്ചതായിരുന്നു. എന്നാൽ 16ന് രാവിലെ വീട്ടിൽ പോകാൻ നോക്കിയപ്പോൾ സ്വർണാഭരണങ്ങൾ ബാഗിനുള്ളിൽ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. സോഫയുടെ സമീപമുള്ള ജനൽ തുറന്ന് കിടക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ ചക്കരക്കൽ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
ചക്കരക്കൽ എസ്ഐ പി. ബിജുവിന്റെ നേതൃത്വത്തിൽ പരാതി ലഭിച്ച ഉടൻ തന്നെ അന്വേഷണം തുടങ്ങി. മൂന്ന്സ്ക്വാഡുകളായി തിരിച്ചായിരുന്നു അന്വേഷണം. ബാഗിൽനിന്ന് സ്വർണാഭരണങ്ങൾ എടുത്തപ്പോൾ ബാഗിലെ മറ്റൊരു കള്ളിയിലുണ്ടായിരുന്ന അഞ്ചരപവന്റെ താലിമാലമാത്രം മോഷണം പോയില്ല. ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല.
അന്വേഷണത്തിന്റെ ഭാഗമായി ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം മോഷ്ടാക്കളുടെ ലിസ്റ്റ് ഉണ്ടാക്കുകയും അത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായി 16നും 17നും കണ്ണൂർ, പയ്യന്നൂർ, തളിപ്പറന്പ്, മാതമംഗലം ഭാഗങ്ങളിലെ ബാറുകളിലും കള്ളുഷാപ്പുകളിലും അന്വേഷണസംഘം പരിശോധന നടത്തുകയും ചെയ്തു.
ഒടുവിൽ കാടാച്ചിറയിലെ കള്ളുഷാപ്പിൽ നിന്ന് പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംശയം തോന്നിയ അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ സ്വർണാഭരണങ്ങളിൽ കുറച്ച് കണ്ടെടുക്കുകയും ചെയ്തു. ബാക്കി ആഭരണങ്ങൾ കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിൽപന നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.
ഇന്നു രാവിലെ 10.30ഓടെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്നു വൈകുന്നേരം കോടതിയിൽ ഹാജരാക്കി പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് എസ്ഐ പി. ബിജു അറിയിച്ചു. എഎസ്ഐമാരായ ജയപ്രകാശ്, എൻ. രാജു, നിതീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുജിത്ത്, ഷനിൽ, പ്രവീൺ, സിദ്ദീഖ്, പി. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
സ്ത്രീകളുടെ നഗ്നത കാണൽ മുഖ്യതൊഴിൽ
സ്വർണം കവർന്ന കേസിൽ അറസ്റ്റിലായ പ്രതി വാരം സ്വദേശി പ്രശാന്ത് നിരവധി കവർച്ചാകേസുകളിലെ പ്രതിയാണ്. പ്രധാന പണി മോഷണമാണെങ്കിലും സ്ത്രീകളുടെ കുളിസീനുകളും കിടപ്പറ ദൃശ്യങ്ങളും കാണുകയാണ് ഇയാളുടെ തൊഴിലെന്നും ചക്കരക്കൽ എസ്ഐ പി. ബിജു പറഞ്ഞു.
ഇതുവരെ 30 ഓളം സ്ത്രീകളുടെ നഗ്നത താൻ കണ്ടതായും ഇയാൾ പോലീസിനോട് പറഞ്ഞു. പെരിങ്ങോം മാതമംഗലത്തെ പള്ളിയുടെ ഭണ്ഡാരം കുത്തിതുറന്ന കേസിലും വാരത്ത് വീട്ടിൽ കവർച്ച നടത്തിയ കേസിലും ഇയാൾ പ്രതിയാണ്. മോഷണ കേസിൽ ശിക്ഷകഴിഞ്ഞ് ഇയാൾ ഫെബ്രുവരി രണ്ടിനാണ് പുറത്തിറങ്ങിയത്.