പരവൂർ: ക്ഷേത്രങ്ങളിലും നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിലും മോഷണം നടത്തുന്ന ആൾ പരവൂർ പോലീസിന്റെ പിടിയിൽ. പാരിപ്പള്ളി കരിമ്പാലൂർ ചരുവിള വീട്ടിൽ രാധാകൃഷ്ണപിള്ള (51) ആണ് പിടിയിലായത്. ക്ഷേത്രങ്ങൾക്ക് പുറത്ത് സ്ഥാപിച്ചിട്ടുള്ള വഞ്ചികൾ കുത്തിതുറന്ന് പണം മോഷ്ടിക്കുക, വീടുകളിൽ പോർച്ചുകളിലും ആൾ സഞ്ചാരം കുറഞ്ഞ പ്രദേശങ്ങളിലും നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ നിന്നും സ്റ്റീരിയോ, ബാറ്ററികൾ, കിണറുകളിൽ സ്ഥാപിച്ചിട്ടുള്ള മോട്ടോറുകൾ എന്നിവയാണ് ഇയാൾ പ്രധാനമായും മോഷ്ടിക്കുന്നത്.
ഇത്തരത്തിൽ കഴിഞ്ഞ ദിവസം പുലർച്ചെ പുത്തൻകുളത്തെ ഒരു വീട്ടിലെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നും സ്റ്റീരിയോ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇയാളെ പിടികൂടുകയായിരുന്നു. പുലർച്ചെ വിട്ടുടമസ്ഥൻ രാമചന്ദ്രൻ പ്രഭാതസവാരിക്കിറങ്ങുന്നതിനിടയിൽ കാറിനുള്ളിൽ നിന്നും ശബ്ദം കേട്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് കാറിനുള്ളിൽ ഇയാളെ കണ്ടത്.
രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തടഞ്ഞുവച്ച ശേഷം പരവൂർ പോലീസിന് കൈമാറുകയായിരുന്നു. പിടിയിലാകുമ്പോൾ ഇയാളുടെ പക്കൽ നിന്നും ക്ഷേത്രങ്ങളിൽ നിന്നും മോഷ്ടിച്ചതെന്നു കരുതുന്ന നാണയ തുട്ടുകളും കണ്ടെടുത്തിട്ടുണ്ട്. ഇയാളെ ആരോഗ്യ പരിശോധനകൾക്ക് ശേഷം പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.