അരൂർ: ശ്രീകുമാരവിലാസം ക്ഷേത്രത്തിൽ ശ്രീകോവിലിന്റെ പടിയിൽ തൊട്ട് തൊഴുതശേഷം പൂട്ട് തകർത്ത് മോഷണം നടത്തിയ പ്രതി പിടിയിൽ.
അമ്പലപ്പുഴ സ്വദേശി രാജേഷാണ് പിടിയിലായത്. ഇയാളെ വെള്ളിയാഴ്ച വൈകീട്ടോടെ അമ്പലപ്പുഴയിൽനിന്ന് അരൂർ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ക്ഷേത്രത്തിലെ പ്രതിഷ്ഠയായ സുബ്രഹ്മണ്യസ്വാമിക്ക് ചാർത്തുന്ന പത്ത് പവനോളം വരുന്ന സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ 12.55നാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളിൽ ഒരു മണിക്കൂറോളം ചെലവിട്ട മോഷ്ടാവ് ശ്രീകോവിലിന്റെ പടിയിൽ തൊട്ട് തൊഴുതിട്ടാണ് അകത്തുകയറിയത്.
ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാവിമുണ്ടും നീല ഷർട്ടും ധരിച്ചെത്തിയ മോഷ്ടാവ് മുഖംമൂടിയും ധരിച്ചിരുന്നു. അഞ്ചരപ്പവൻ തൂക്കം വരുന്ന കിരീടം, മൂന്നു പവന്റെ നെക്ലേസ്, ഒന്നരപ്പവന്റെ കുണ്ഡലം എന്നിവയാണ് നഷ്ടമായത്.
ദീപാരാധന സമയത്ത് ചാർത്തുന്ന ഇവ അത്താഴ പൂജയോടെ അഴിച്ച് ശ്രീകോവിലിനുള്ളിലെ പലകയിൽ വയ്ക്കുകയാണ് പതിവ്.
ക്ഷേത്രവളപ്പിലെ ശാന്തിമഠത്തിൽ താമസിക്കുന്ന കഴകക്കാരനും മാല കെട്ടുകാരനുമാണ് മോഷണം ആദ്യമറിഞ്ഞത്. ഇവർ പുലർച്ചെ എഴുന്നേറ്റപ്പോൾ തെക്കുഭാഗത്തെ നാലമ്പല വാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
ഉടൻ ദേവസ്വം ഭാരവാഹികളെ വിവരം അറിയിച്ചു. ഇവർ സ്ഥലത്തെത്തിയപ്പോഴാണ് ശ്രീകോവിലിന്റെ താഴ് തകർത്ത് സ്വർണ ഉരുപ്പടികൾ മോഷ്ടിച്ചതായി മനസിലായത്.
ഒക്ടോബർ ഏഴിന് ഇതേ രീതിയിൽ ചന്തിരൂർ കാഞ്ഞിരത്തിങ്കൽ ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. ഇതിന്റെ അന്വേഷണം വഴിമുട്ടി നിൽക്കുന്നതിനിടെയാണ് അഞ്ച് കിലോമീറ്റർ പരിധിയിൽ വീണ്ടുമൊരു മോഷണം നടന്നത്.
കളവു പോയ ആഭരണങ്ങളും ഇയാളിൽനിന്ന് കണ്ടെത്തിയതായാണ് ലഭ്യമായ വിവരം. ഇക്കാര്യത്തിൽ ശനിയാഴ്ച കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ അറിയിച്ചു.