പൊൻകുന്നം: പൊൻകുന്നത്ത് കവർച്ച നടത്തിയ കേസിൽപ്പെട്ടയാൾ കട്ടപ്പന പോലിസിന്റെ പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര പാറശ്ശാല പൂവരക്ക് വിള വീട്ടിൽ സാജു വേലായുധൻ നായർ (36)ആണ് അറസ്റ്റിലായത്.
പൊൻകുന്നം 20-ാം മൈൽ പ്ലാപ്പള്ളിൽ പി സി ദിനേശ് ബാബുവിന്റെ വിട്ടിൽ നിന്നാണ് കഴിഞ്ഞയാഴ്ച ഇയാൾ മോഷണം നടത്തിയത്.13 പവൻ സ്വർണം, ഒന്നര ലക്ഷേത്തോളം രൂപ എന്നിവയാണ് നഷ്ടമായത്.
കവർച്ച നടത്തിയ സാജു ഇരുപതോളം ഭവനഭേദന കേസുകളിൽപ്പെട്ട അന്തർജില്ല മോഷ്ടാവാണ്.ഇടുക്കി ജില്ലാ പോലീസ് മേധാവി ആർ കറുപ്പസ്വാമി ഐപിഎസിന്റെനിർദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി. എ. നിഷാദ് മോന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
അടുത്ത കാലയളവിൽ നടന്ന ഇരുപതോളം ഭവനഭേദന കേസുകളിൽപ്പെട്ട പ്രതിക്ക് തിരുവനന്തപുരം, ഇടുക്കി ജില്ലയിലെ കട്ടപ്പന പോലീസ് സ്റ്റേഷൻ പരിധിയിൽ 13 കേസുകളും പെരുവന്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ 2 കേസുകളും മുരിക്കാശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ 3 കേസുകളും കോട്ടയം ജില്ലയിലെ പൊൻകുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കേസും ചെയ്തതായി തെളിഞ്ഞിട്ടുണ്ട്.
മാല പൊട്ടിക്കൽ കേസിൽ 2020 നവംബർ മാസത്തിൽ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്ത പ്രതി 2021 ജനുവരിയിൽ പുറത്തിറങ്ങിയശേഷം ഇടുക്കി ജില്ലയിലെ വെള്ളിലാംകണ്ടം ഭാഗത്ത് വാടകയ്ക്ക് താമസിച്ച് മോഷണം നടത്തി വരവേയാണ് പിടിയിലായത്.
ഭവനഭേദനത്തിനായി പ്രത്യേകം ആയുധങ്ങൾ നിർമ്മിച്ച് തിരിച്ചറിയാത്ത വിധം മുഖംമൂടിയും കൈയുറകളും തിരിച്ച് ആയുധങ്ങൾ പ്രത്യേകം ബാഗിലാക്കി രാത്രികാലങ്ങളിൽ ബൈക്കിലെത്തിയാണ് പ്രതി കൃത്യങ്ങൾ നടത്തിയിരുന്നത്.
പ്രധാന റോഡുകളോടുചേർന്ന ഒറ്റപ്പെട്ട വീടുകളാണ് പ്രതി മോഷണത്തിനായി തെരഞ്ഞെടുത്തിരുന്നത്. പ്രതി മറ്റേതെങ്കിലും സ്ഥലങ്ങളിൽ സമാന കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.
തെളിവെടുപ്പിനായി ഉടൻ തന്നെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.