ചാവശേരി: ചാവശേരിയിലെ നിരവധി വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ സംഭവത്തിൽ നിരവധി മോഷണക്കേസിലെ പ്രതിയെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. ഉളിക്കൽ മുണ്ടവപറമ്പിലെ ടി.എ.സലീമി(35)നെയാണ് മട്ടന്നൂർ എസ്ഐ ടി.വി. ധനഞ്ജയദാസും സംഘവും ചേർന്നു ഇന്നു രാവിലെ കർണാടകത്തിൽ വച്ചു അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരി മാസം അവസാനമാണ്ചാവശേരി ടൗണിലെ എം.പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ള അമ്മൂസ് ബേക്കറി, ടി.പി.അർഷാദിന്റെ ടിപിഎൻ ന്യൂ സ്റ്റോർ, പി.വിജയരാജിന്റെ ഗോവിന്ദ് സ്റ്റോർ, ഗ്രാന്റ് ബേക്കറി, ചാവശേരി ശ്രേയസ് റബർ ഉത്പാദക സംഘം, നിർമല ഫൈനാൻസിയേഴ്സ് എന്നീ സ്ഥാപനങ്ങളിൽ കവർച്ച നടന്നത്. കഴിഞ്ഞ ദിവസം ഇരിട്ടി പാലത്തിനു സമീപത്തു നിന്നു കാണാതായ ബൈക്ക് ചാവശേരി -വെളിയമ്പ്ര റോഡിൽ ടിപിഎൻ ന്യൂ സ്റ്റോറിന് മുന്നിൽ നിർത്തിയിട്ട നിലയിലും കണ്ടെത്തിയിരുന്നു.
ഈ ബൈക്കിലാണ് മോഷ്ടാക്കൾ വരികയും ചാവശേരി ക്വാർട്ടേഴ്സിൽ താമസിക്കുന്ന കർണാടക സ്വദേശി പി.എം. മഹേശ്വരപ്പയുടെ ബൈക്ക് മോഷ്ടിച്ചാണ് കവർച്ച നടത്തിയ ശേഷം രക്ഷപ്പെട്ടത്. മോഷ്ടിച്ച ബൈക്ക് ചാലോട് ടൗണിൽ ഉപേക്ഷിച്ച നിലയിൽ പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു.
ഒരാൾ ബൈക്കിൽ വന്നു കടയ്ക്ക് മുന്നിൽ നിർത്തിയിടുന്നത് സമീപത്തെ സ്ഥാപനത്തിലെ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് അന്വേഷണം നടത്തിയിരുന്നത്. സിസി ടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ കർണാടകയിൽ മോഷണം നടത്തിയതിന് മടിക്കേരി സബ് ജയിലിൽ റിമാന്റിൽ കഴിയുന്ന സലിമിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ചാവശേരിയിൽ മോഷണം നടത്തിയത് താനാണെന്ന് സമ്മതിച്ചതായി പോലീസ് പറഞ്ഞു.
ഇയാളെ ചാവശേരിയിൽ കവർച്ച നടത്തിയ സ്ഥാപനങ്ങളിൽ കൊണ്ടുപോയി ഇന്നു ഉച്ചയോടെ തെളിവെടുപ്പ് നടത്തി. കർണാടകത്തിൽ ഇയാൾക്കെതിരെ ആറോളം മോഷണകേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. വൈകുന്നേരം പ്രതിയെ മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.