തിരുവനന്തപുരം: കുറ്റിപ്പുറം സ്വദേശിയിൽ നിന്നും 3,72 ലക്ഷം രൂപ കവർച്ച നടത്തിയ കേസിലെ പ്രതിയെ തന്പാനൂർ പോലീസ് പിടികൂടി കുറ്റിപ്പുറം പോലീസിന് കൈമാറി. പൂന്തുറ മാണിക്കവിളാകം ആശാമൻസിലിൽ സൽമാൻ (30) നെയാണ് തന്പാനൂർ പോലീസ് പിടികൂടിയത്.
തന്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാന്റ് പരിസരത്ത് സംശയാസ്പദമായി കണ്ടെത്തിയ ഇയാളുടെ ലഗേജ് പിടികൂടിയപ്പോഴാണ് പണം കണ്ടെത്തുകയും കവർച്ച വിവരം പുറത്താവുകയും ചെയ്തത്. ഇയാളോടൊപ്പം തിരുവനന്തപുരത്തെത്തിയ മലപ്പുറം സ്വദേശികളായ മൂന്ന് പേർ അകലെ മാറി നിന്നിരുന്നു.
സൽമാനെ പോലീസ് പിടികൂടിയത് കണ്ടയുടൻ മൂവരും രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുറ്റിപ്പുറം കുറുപ്പന്തൂർ അത്തിക്കാട് വീട്ടിൽ ഷിഹാബുദ്ദീന്റെ പക്കലുണ്ടായിരുന്ന പണം സൽമാൻ ഉൾപ്പെട്ട സംഘം തട്ടിയെടുത്ത് തിരുവനന്തപുരത്തേക്ക് കടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മലപ്പുറം സ്വദേശികളും സൽമാനും ചേർന്ന് നടത്തിയ കൂട്ടായ കവർച്ചയായിരുന്നു ഇതെന്ന് പോലീസ് പറഞ്ഞു.
ബൈക്കിൽ പണവുമായി സഞ്ചരിച്ചിരുന്ന ഷിഹാബുദ്ദീനോട് ലിഫ്ട് ചോദിച്ച് ബൈക്കിന് പിന്നിൽ കയറിയ ശേഷം സൽമാനോടൊപ്പം ഉണ്ടായിരുന്ന സംഘം പിന്നാലെ കാറിലെത്തി പണം കവർച്ച നടത്തി തിരുവനന്തപുരത്തേക്ക് കടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സൽമാനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കവർച്ച വിവരം വെളിച്ചത്തായത്. തുടർന്ന് തന്പാനൂർ പോലീസ് കുറ്റിപ്പുറം പോലീസിന് വിവരം കൈമാറിയതോടെ കുറ്റിപ്പുറം പോലീസ് തിരുവനന്തപുരത്തെത്തി പ്രതിയെ കൊണ്ട് പോകുകയായിരുന്നു. തന്പാനൂർ സിഐ. എസ്.അജയകുമാർ, എസ്ഐമാരായ ജിജുകുമാർ, അരുണ് രവി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.