കടുത്തുരുത്തി: മാഞ്ഞൂരിൽ വീടിന്റെ വാതില്‍ തകര്‍ത്ത് 20.5 പവന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ മോഷ്ടാവിനെ പോലീസ് അറസ്റ്റു ചെയ്തു. തൊടുപുഴ കോലാനി തൃക്കായില്‍ സെല്‍വകുമാറിനെ (കോലാനി സെല്വന്-50)യാണു കടുത്തുരുത്തി പോലീസ് അറസ്റ്റു ചെയ്തത്.
കുറുപ്പന്തറ മാഞ്ഞൂര്‍ ആനിത്തോട്ടത്തില്‍ വര്‍ഗീസ് സേവ്യറിന്റെ (സിബി) വീട്ടിലായിരുന്നു കഴിഞ്ഞ ഒന്നിനു പുലര്‍ച്ചെ കവര്‍ച്ച നടന്നത്.കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ പരിശോധനയില്‍ മോഷ്ടാവിനെ തിരിച്ചറിഞ്ഞു.
ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണസംഘം തമിഴ്നാട്, തെങ്കാശി, തെന്മല എന്നിവിടങ്ങളിൽ ഇയാള്‍ എത്തിയതായി കണ്ടെത്തി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ആറു ദിവസങ്ങളിലായി നടത്തിയ തെരച്ചിലിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുന്നത്. മോഷണംപോയ 14.5 പവന് സ്വര്‍ണം പോലീസ് കണ്ടെടുത്തു.
കടുത്തുരുത്തി സ്റ്റേഷന് എസ്എച്ച്ഒ റെനീഷ് ഇല്ലിക്കല്‍, സിപിഒമാരായ സുമന് പി. മണി, അജിത്ത്, ഗിരീഷ്, പ്രേമന്, അനീഷ് എന്നിവരായിരുന്നു അന്വേഷണസംഘത്തില്‍.
സെല്‍വകുമാര്‍ കരിമണ്ണൂര്‍, കൂത്താട്ടുകുളം, മുളന്തുരുത്തി, മരങ്ങാട്ടുപിള്ളി, വണ്ടിപ്പെരിയാര്‍, ഏറ്റുമാനൂര്‍, പുത്തന്‍കുരിശ്, കരിങ്കുന്നം, പിറവം, അയര്‍ക്കുന്നം, ഗാന്ധിനഗര്‍, പാലാ സ്റ്റേഷനുകളിലായി 34 മോഷണക്കേസുകളില്‍ പ്രതിയാണ്. ഉഴവൂര്‍, കാണക്കാരി, ഏറ്റുമാനൂര്‍ പാറോലിക്കല്‍ ഭാഗത്തുമുള്ള വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചത് ഇയാള്‍ തന്നെയാണെന്നു പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.