സ്വന്തം ലേഖകൻ
തൃശൂർ: നിരവധി വീടുകളുടെ വാതിലുകൾ തകർത്ത് അന്പതോളം പവൻ സ്വർണാഭരണങ്ങളും പണവും കവർച്ച ചെയ്ത കേസുകളിലെ പ്രതികളായ രണ്ടുപേർ റിമാൻഡിൽ. സുഹൃത്തുക്കളായ നെല്ലിക്കുന്ന് കുറ സ്വദേശി അറയ്ക്കൽ വീട്ടിൽ ഷാജഹാൻ (37), കാളത്തോട് കൃഷ്ണാപുരം സ്വദേശി ഇരിങ്ങക്കോട്ടിൽ വീട്ടിൽ അനീഷ് എന്നറിയപ്പെടുന്ന അഷ്റഫ് അലി ( 36) എന്നിവരാണ് പിടിയിലായത്.
പൊന്നൂക്കരയിലുള്ള പണിക്കാട്ട് വീട്ടിൽ ഡോണ്രാജിന്റെ വീടിന്റെ വാതിൽ തകർത്ത് അകത്തുകടന്ന് 32 പവൻ സ്വർണാഭരണങ്ങളും വിലകൂടിയ സാധനങ്ങളും കൊള്ളയടിച്ചത് ഈ സംഘമാണ്. തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് സംഘമാണു പ്രതികളെ പിടികൂടിയത്.
കഴിഞ്ഞവർഷംപെരുന്പിള്ളിശേരി സ്വദേശി ബാലകൃഷ്ണന്റെ വീട്ടിൽ നിന്ന് 64 ഗ്രാം സ്വർണാഭരണങ്ങൾ കവർന്നതും, ഒല്ലൂക്കര ശ്രേയസ് നഗറിൽ കാടംപറന്പിൽ അബ്ദുള്ളയുടെ വീട്ടിൽ നിന്ന് ഒന്നരലക്ഷത്തോളം രൂപയുടെ സാധനങ്ങളും,എടത്തിരുത്തി ബ്രഹ്മകുളം ജോണിയുടെ വീട്ടിൽനിന്ന് അന്പതിനായിരം രൂപയും, കുന്നംകുളം ചിറമനേങ്ങാട് ആയുർവേദ ഡോക്ടറായ മാരായിക്കുന്നത്ത് സലിമിന്റെ ഭാര്യ ഷാഹിനയുടെ വീട്ടിലും കവർച്ച നടത്തിയതും ഇവരാണെന്ന് സമ്മതിച്ചതായി പോലീസ് പറഞ്ഞു.
ഗൾഫ് വരുമാനം പോരാ, കവർച്ചയ്ക്കു സിനിമകൾ വഴികാട്ടി
തൃശൂർ: ഗൾഫിലെ വരുമാനത്തിൽ തൃപ്തിയാകാതെയാണ് ഷാജഹാൻ സുഹൃത്തായ ഓട്ടോ ഡ്രൈവർ അനീഷ് എന്ന അഷ്റഫ് അലിയുമായി ചേർന്ന് കവർച്ചയ്ക്ക് ഇറങ്ങിത്തിരിച്ചത്. ഗൾഫിൽനിന്ന് തിരിച്ചെത്തിയ ഷാജഹാൻ വിവിധ ജോലികളെല്ലാം ചെയ്തു. എന്നാൽ ആഡംബര ജീവിതത്തിനു പണം തികഞ്ഞില്ല. അങ്ങനെ സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ അഷ്റഫ് അലിയുമായി ചേർന്ന് മോഷണങ്ങൾക്കു പദ്ധതികൾ തയാറാക്കുകയായിരുന്നു.
ഇരുവരും ആദ്യമായാണ് പോലീസിന്റെ പിടിയിലാകുന്നത്. രണ്ടുപേരും ഒരു പെറ്റി കേസിൽപോലും പ്രതികളല്ല. ഇരുവരും നാട്ടിൽ ഒരു ദുശ്ശീലങ്ങളുമില്ലാത്ത പകൽമാന്യന്മാരാണ്. നാട്ടുകാരുമായി ബന്ധങ്ങളുമില്ല.മോഷണപദ്ധതികൾക്കും തെളിവു നശിപ്പിക്കുന്നതിനും സഹായിക്കുന്ന സിനിമകൾ ഇന്റർനെറ്റ്, യുട്യൂബ് മുഖേന കാണുകയാണു ഹോബി. മോഷണ വാർത്തകൾ വായിച്ച് മോഷ്ടാക്കൾ കാണിച്ച പിഴവുകളെക്കുറിച്ചു ചർച്ച ചെയ്യാറുണ്ടത്രേ.
രാത്രി മോഷണം നടത്തിയാൽ കിട്ടുന്നതിനേക്കാൾ കൂടുതൽ സ്വർണവും മറ്റും സന്ധ്യാസമയങ്ങളിൽ മോഷണം നടത്തിയാൽ കിട്ടുമെന്ന നിഗമനത്തിൽ അവരെത്തി. വൈകുന്നേരം വീടുപൂട്ടി പുറത്തുപോകുന്നവർ സ്വർണവും മറ്റും ഭദ്രമാക്കി സൂക്ഷിക്കാറില്ല. അലമാരകൾ തുറക്കാനും സൗകര്യമാണ്. അതിനാൽ സന്ധ്യക്കാണ് ഇവർ മോഷണം നടത്തിയിരുന്നത്.
നാട്ടുകാർക്കും വീട്ടുകാർക്കും സംശയം ഇല്ലാതിരിക്കാൻ പകൽ വിവിധ ജോലിക്കു പോകും. രാത്രി ഒന്പതോടെ മോഷണവും പൂർത്തിയാക്കി വീട്ടിൽ തിരിച്ചെത്തുകയാണു പതിവ്. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ജി.എച്ച്. യതീഷ്ചന്ദ്രയുടെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് എസിപി ബാബു കെ. തോമസ്, സിറ്റി എസിപി രാജു, ഒല്ലൂർ സിഐ ബെന്നി ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ എസ്ഐമാരായ സിനോജ്, ടി.ആർ. ഗ്ലാഡ്സ്റ്റണ്, എഎസ്ഐമാരായ കെ.എ. മുഹമ്മദ് അഷ്റഫ്, സുവൃതകുമർ, പി.രാഗേഷ്, പി.എം. റാഫി, കെ. ഗോപാലകൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർമാരായ ടി.വി ജീവൻ, പി.കെ. പഴനിസ്വാമി, കെ.ബി. വിപിൻദാസ്, എം.എസ് ലിഗേഷ്, പി. സുദേവ്, എം. ഹബീബ്, തുടങ്ങിയവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.