ചങ്ങനാശേരി: പെരുന്നയിൽ വീട്ടിൽ നിന്നും ഒന്പതുപവൻ സ്വർണാഭരണങ്ങൾ മോഷണം പോയ കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. കല്ലറ സ്വദേശി ലൈസാമ്മ(35) ആണ്അറസ്റ്റിലായത്. പെരുന്ന അശ്വതി വീട്ടിൽ രാമചന്ദ്രപ്പണിക്കരുടെ ഭാര്യ ശ്യാമളയുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് നഷ്ടമായത്. ഇതുസംബന്ധിച്ച് വീട്ടുകാർ ചങ്ങനാശേരി പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടുജോലിക്കാരിയെ അറസ്റ്റ് ചെയ്തത്.
ഏജൻസി വഴിയാണ് ലൈസാമ്മ രാമചന്ദ്രപ്പണിക്കരുടെ വീട്ടിൽ ജോലിക്കെത്തിയത്. 15 ദിവസം വീട്ടിൽ ജോലി ചെയ്ത ശേഷം സ്വർണാഭരണങ്ങൾ സൂക്ഷിക്കുന്ന കാര്യങ്ങൾ മനസിലാക്കുകയും സ്വർണം മോഷ്ടിച്ച് രക്ഷപ്പെടുകയുമായിരുന്നു.
ശ്യാമള തിരുവനന്തപുരത്തുള്ള മകളുടെ വീട്ടിൽപോയി മടങ്ങിയെത്തിയപ്പോഴാണ് സ്വർണം മോഷണം പോയവിവരം മനസിലായത്. തുടർന്നാണ് പോലീസിൽ വിവരം അറിയിച്ചത്. ശന്പളം നൽകുന്നതിനായി വീട്ടുകാർ ലൈസാമ്മയുടെ ബാങ്ക് അക്കൗണ്ട് നന്പർ ചോദിച്ചു മനസിലാക്കിയിരുന്നു.
ഈ അക്കൗണ്ട് നന്പർ പരിശോധിച്ച് പോലീസ് വിലാസം ശേഖരിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഇന്നു കോടതിയിൽ ഹാജരാക്കും.
സിഐ കെ.പി. വിനോദ്, എസ് ഐ ഷെമീർ ഖാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.