കഴക്കൂട്ടം: പാൽവിതരണം നടത്തുന്ന വാഹനത്തിൽ സൂക്ഷിച്ചിരുന്ന പണവും മൊബൈൽ ഫോണും മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി.
ആലപ്പുഴ സ്വദേശി,ബീമാപള്ളി ഭാഗത്ത് ലോഡ്ജിൽ താമസിക്കുന്ന സിനാജിനെ (49)യാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ ഒന്നിനാണ് മോഷണം നടന്നത്.
ആനന്ദേശ്വരം ജംഗ്ഷനിൽ വാഹനം നിർത്തിയശേഷം കടകളിൽ പാൽവിതരണം നടത്തുവാനായി പോയ ഞാണ്ടൂർക്കോണം സ്വദേശി ഷാജഹാന്റെ ഗുഡ്സ് വാഹനത്തിൽ സൂക്ഷിച്ചിരുന്ന പാലിന്റെ കളക്ഷൻ തുകയായ 19,300/ രൂപയും വിലപിടിപ്പുള്ള മൊബൈൽ ഫോണും മോഷ്ടിച്ചെടുത്ത പ്രതി ബൈക്കിൽ കടന്നുകളയുകയായിരുന്നു.
പ്രദേശത്തെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതി സഞ്ചരിച്ച വാഹനനമ്പർ കണ്ടെത്തിയ പോലീസ്, വിപുലമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
കഴക്കൂട്ടം എസ്എച്ച്ഒ ജെ.എസ്. പ്രവീൺ, എസ്ഐമാരായ മിഥുൻ, ജിനു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ കോട്ടയം വെസ്റ്റ്, പുന്നപ്ര, കഴക്കൂട്ടം എന്നീ സ്റ്റേഷനുകളിലായി മോഷണം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളും നിലവിലുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.