അങ്കമാലി: കെഎസ്ആർടിസി ബസിൽ മാല മോഷ്ടിക്കാൻ ശ്രമിച്ച സഹോദരിമാരായ തമിഴ്നാട് സ്വദേശിനികളെ അങ്കമാലി പോലീസ് പിടികൂടി. തമിഴ്നാട് ഈറോഡ് പഴയ ബസ് സ്റ്റാൻഡിനു പിന്നിലുള്ള വിനായക കോവിലിനു സമീപം താമസിക്കുന്ന മഹേഷിയ (34), ഈറോഡ് സ്വദേശിനി സത്യപ്രിയ (27) എന്നിവരാണു പിടിയിലായത്.
അങ്കമാലിയിൽനിന്ന് എറണാകുളത്തേക്കു പോകാൻ അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിൽനിന്ന് ഇന്നലെ രാവിലെ ഒന്പതിന് ഫാസ്റ്റ് പാസഞ്ചർ ബസിൽ കയറിയ അയ്യമ്പുഴ അമലാപുരം അറയ്ക്കാപറമ്പിൽ കൊച്ചുത്രേസ്യയുടെ മൂന്നു പവൻ മാല മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
മാല ഊരിയെടുക്കുന്നതിനിടെ കൊച്ചുത്രേസ്യ ഒച്ചയുണ്ടാക്കി അങ്കമാലി റെയിൽവേ സ്റ്റേഷനു സമീപം ബസ് നിർത്തിക്കുകയായിരുന്നു. പ്രതികൾ ബസിൽനിന്നിറങ്ങിയോടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇരുവരെയും പോലീസ് പിടികൂടി.
ഇവർക്കെതിരേ കേരളത്തിലെ വിവിധ ജില്ലകളിൽ സമാനമായരീതിയിൽ നിരവധി കേസുകൾ നിലവിലുണ്ട്. പ്രതികളെ അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.