തളിപ്പറമ്പ്: നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസില്‍ നിന്നും അന്‍പതിനായിരം രൂപയുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്ത രണ്ട് വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏഴിന് പുലര്‍ച്ചെ 12.30 ന് ബക്കളം ജംഗ്ഷനില്‍ നിര്‍ത്തിയിട്ട മേഘ്ദൂത് ബസില്‍ നിന്നാണ് സൈക്കിളിലെത്തിയ രണ്ടംഗ സംഘം മ്യൂസിക് സിസ്റ്റവും ലൈറ്റുകളും ഉള്‍പ്പെടെ അരലക്ഷംരൂപയുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്തത്. ട്രിപ്പ് കഴിഞ്ഞ് ആറിന് രാത്രിയിലാണ് ബസ് ഇവിടെ പാര്‍ക്ക് ചെയ്തത്.
മേഘ്ദൂത് ട്രാവല്‍സ് മാനേജര്‍ പി.രജീന്ദ്രന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച തളിപ്പറമ്പ് പോലീസ് തൊട്ടടുത്ത ബേക്കറിയിലെ സിസിടിവിയില്‍ പതിഞ്ഞ കാമറ ദൃശ്യത്തില്‍ നിന്നാണ് മോഷ്ടാക്കളെ കണ്ടെത്തിയത്. കുറ്റിക്കോല്‍ പഴയ ടോള്‍ബൂത്തിന് സമീപത്തെ ബന്ധുക്കള്‍ കൂടിയായ ഐടിഐ വിദ്യാഥിയും പ്ലസ്ടു വിദ്യാർഥിയുമാണ് ഇന്നലെ വൈകുന്നേരം അറസ്റ്റിലായത്.
ഓരോന്നിനും 9000 രൂപയോളം വിലവരുന്ന രണ്ട് ആഫ്ലിഫയര്, മ്യൂസിക് സിസ്റ്റം, അലങ്കാര ലൈറ്റുകള്‍ എന്നിവയൊക്കെ മോഷ്ടാക്കള്‍ ഇളക്കിയെടുത്ത് കൊണ്ടുപോയിരുന്നു. അറസ്റ്റിലായ പ്രതികളെ ഇന്ന് തലശേരി ജുവൈനല്‍ കോടതിയില്‍ ഹാജരാക്കും. കുറ്റിക്കോല്‍ സ്വദേശിയായ രാഹുലിന്റെ യദു ട്രാവല്‍സ്, തബു, മേഘ്ദൂത്, പേരറിയാത്ത മറ്റൊരു ബസ്, രണ്ട് ട്രാവലറുകള്‍ എന്നിവയുള്‍പ്പെടെ ആറ് വാഹനങ്ങളിലാണ് കഴിഞ്ഞ ഒരു മാസത്തിനിടയില്‍ സംഘം കവര്‍ച്ച നടത്തിയത്.
മോഷണമുതലുകള്‍ വീട്ടില്‍ സൂക്ഷിച്ച് ഓണ്‍ലൈന്‍ പോര്‍ട്ടലായ ഒഎല്‍എക്സ് വഴി പരസ്യം ചെയ്താണ് വില്പന നടത്തിയിരുന്നത്. മേഘ്ദൂത് ബസില്‍ നിന്ന് മോഷ്ടിച്ച സാധനങ്ങൾ വില്‍ക്കാതെ വീട്ടില്‍ സൂക്ഷിച്ചത് പോലീസ് കണ്ടെടുത്തു. മറ്റ് ബസുകളില്‍ നിന്ന് മോഷ്ടിച്ച് വില്പന നടത്തിയ സാധനങ്ങള്‍ വാങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
പരാതികള്‍ ലഭിച്ചാല്‍ പ്രതികള്‍ക്കെതിരെ മറ്റ് മോഷണങ്ങള്‍ക്കും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. മോഷണ മുതലുകള്‍ ഓണ്‍ലൈന്‍ വഴി വില്പന നടത്തിയ സംഭവം ആദ്യമാണെന്ന് പോലീസ് പറഞ്ഞു. ബസ് നിര്‍ത്തിയിട്ട സ്ഥലത്ത് മുമ്പും സമാന രീതിയില്‍ കവര്‍ച്ച നടന്നതിനാലാണ് സമീപം സിസിടിവി കാമറ സ്ഥാപിച്ചത്.
എട്ടോളം ബസുകള്‍ ഈ സമയം ഇവിടെ പാര്‍ക്ക് ചെയ്തിരുന്നുവെങ്കിലും കെഎല്‍ എട്ട് ബിജി 4334 ബസില്‍ മാത്രമാണ് കവര്‍ച്ച നടന്നത്. മോഷണമുതലുകള്‍ വിറ്റ് മൊബൈല്‍ ഫോണുകള്‍ വാങ്ങുകയും മുന്തിയ ഹോട്ടലില്‍ കയറി വിലയേറിയ ഭക്ഷണം കഴിക്കുകയുമാണ് പ്രതികള്‍ ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.