ഇരിങ്ങാലക്കുട: ആളൂർ-മാള റോഡരികിലെ വീട്ടിലെ കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിലെ ബാഗിൽ നിന്നും നാലു സ്വർണവളകൾ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിലായി.
കുഴൽമന്ദം സ്വദേശിയും ആളൂരിൽ സ്ഥിര താമസക്കാരനുമായ കരിങ്ങാത്തോട് വീട്ടിൽ സുകുവിനെയാണ് (32) ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസിന്റെ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ എം.ബി. സിബിൻ അറസ്റ്റു ചെയ്തത്.
ദിവസങ്ങൾക്കു മുൻപ് നടന്ന മോഷണം കഴിഞ്ഞ ദിവസമാണ് വീട്ടുകാർ അറിയുന്നത്. പെരുന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങുന്പോൾ വളകൾ ഉൗരി ബാഗിലിട്ട വീട്ടമ്മ കഴിഞ്ഞ ദിവസം വീണ്ടും ആഭരണം അണിയാനായി നോക്കിയപ്പോഴാണ് വളകൾ നഷ്ടപ്പെട്ടത് അറിയുന്നത്.
ഉടനെ പരാതിയുമായി പോലീസിനെ സമീപിച്ചു.ഇരിങ്ങാലക്കുട ഡിവൈഎസ്പി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് മുൻപ് മോഷണത്തിന് പിടിയിലായവരെക്കുറിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
സിസിടിവി ദൃശ്യങ്ങളും സ്വർണ പണമിടപാടു സ്ഥാപനങ്ങളിലെ വിവരങ്ങളും ശേഖരിച്ച് പ്രതിയെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്.
ഇയാൾ മോഷണം നടത്തി വിറ്റ സ്വർണ വളകൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കാറ്ററിംഗ്തൊഴിലാളിയായ പ്രതി വൈകീട്ട് ജോലി കഴിഞ്ഞിറങ്ങി വരുന്ന വഴി പല സ്ഥലങ്ങളിലും കറങ്ങി നടക്കും.
ഇതിനിടെ അവസരം കിട്ടിയാൽ മോഷണവും. ഇതാണ് ഇയാളുടെ രീതി. ഇത്തരത്തിൽ പരാതിക്കാരുടെ വീട്ടുപരിസരത്തെത്തിയ പ്രതി ഡോർ ലോക്ക് ചെയ്യാതെ കാറിലിരുന്ന ബാഗിൽ നിന്ന് സ്വർണവളകൾ മോഷ്ടിച്ചു കടക്കുകയായിരുന്നു.
ജനലിലൂടെ കൈയ്യിട്ടും, മരക്കന്പുകൾ ഉപയോഗിച്ചും ഇയാൾ മോഷണം നടത്തിയിട്ടുണ്ടത്രേ. മുൻപ് ഇത്തരത്തിൽ കേസിൽ പിടിയിലായിട്ടുമുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. ആളൂർ എസ്ഐ കെ.എസ്. സുബിന്ത്, എം.കെ. ദാസൻ, ടി.എൻ. പ്രദീപൻ, ഡിവൈഎസ്പി സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ മുഹമ്മദ് അഷറഫ്, സീനിയർ സിപിഒ മാരായ കെ.എസ്. ഉമേഷ്, സോണി സേവ്യർ, ഇഎസ്. ജീവൻ, ആളൂർ സ്റ്റേഷനിലെ എഎസ്ഐ കെ.ടി. ജോഷി, സീനിയർ സിപിഒ മാരായ എ.ബി. സതീഷ്, മധു, നിധീഷ്, സീമ ജയൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.