കോട്ടയം: ഉത്സവ സീസണുകൾ ആരംഭിച്ചതോടെ മോഷണം ലക്ഷ്യമിട്ട് സ്ത്രീകൾ അടങ്ങുന്ന സംഘം ജില്ലയിൽ എത്തിയതായി സൂചന. കഴിഞ്ഞ ദിവസം കോട്ടയം നഗരത്തിൽ സ്വകാര്യ ബസിൽ മോഷണം നടത്തിയ കേസിൽ മൂന്നു സ്ത്രീകളെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് മോഷണം ലക്ഷ്യമിട്ടു സ്ത്രീകളും പുരുഷൻമാരും അടങ്ങുന്ന സംഘമെത്തിയ വിവരം ലഭിച്ചത്.
തമിഴ്നാട് മധുര സ്വദേശികളായ തെയ്യമ്മ (48), മകൾ ദിവ്യ (30), ദിവ്യ (28) എന്നിവരെയാണ് പിടികൂടിയത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് മൂവരുടെയും വിരലടയാളം പോലീസ് ശേഖരിച്ചിരുന്നു. ഇവ മറ്റു സ്റ്റേഷനുകളിലേക്കും അയച്ചു കൊടുത്തിരിക്കുകയാണ്.
തിരക്കേറിയ സ്ഥലങ്ങളിൽ മോഷണം നടത്തുന്നതിനു വിദഗ്ധമായ പരിശീലനം ലഭിച്ച ഇവർ ഒരിക്കലും പോലീസ് പിടികൂടുന്പോൾ കൃത്യമായ പേരോ, വിലാസമോ പറയാറില്ല. അതിനാൽ പോലീസിനു പ്രതികളെ പിടികൂടുന്പോൾ ഇവരുടെ മുൻ കേസുകൾ കണ്ടെത്താൻ സാധിക്കില്ല. കഴിഞ്ഞ ദിവസം കോട്ടയത്ത് പിടിയിലാവരുടെ മുൻ കേസുകൾ കണ്ടെത്തുന്നതിനു വേണ്ടിയാണ് പോലീസ് വിരലടയാളം ശേഖരിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇവരുടെ കൃത്യമായ മേൽവിലാസവും കേസുകളുടെ എണ്ണവും പോലീസിനു ലഭിക്കും.
തമിഴ്നാട് കോവിൽപ്പെട്ടിയിലെ കാട്ടുനായ്ക്കർ വിഭാഗത്തിൽപ്പെട്ടവരാണ് പിടിയിലായ സ്ത്രീകൾ. ഇവരുടെ കുലത്തൊഴിൽ തന്നെ മോഷണമാണ്. ഇവരുടെ ഗ്രാമം കഴിയുന്നത് തന്നെ മോഷണത്തിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ്. കേരളത്തിലേയ്ക്ക് എത്തുന്ന ഈ മോഷണ സംഘത്തിൽ പുരുഷന്മാരും സ്ത്രീകളും ഉണ്ടാകും. വലിയ തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ മാന്യമായി വേഷം ധരിച്ച് എത്തുന്ന മോഷ്്ടാക്കൾ സ്ത്രീകളുടെയും കുട്ടികളുടെയും സ്വർണാഭരങ്ങളും പഴ്സും മോഷ്്ടിച്ചെടുക്കുന്നത്.
കഴിഞ്ഞ ഒറ്റ ദിവസം തന്നെ കോട്ടയത്ത് ബസുകളിൽ രണ്ട് മോഷണവും ഒരു മോഷണ ശ്രമമവുമാണ് ഉണ്ടായത്. മോഷ്്ടാക്കളുടെ സംഘം എത്തിയതിന്റെ സൂചനയായിട്ടാണ് പോലീസ് ഇതിനെ കാണുന്നത്. മോഷ്്ടാക്കളെ പിടികൂടുന്നതിനായി തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ കൂതൽ പോലീസിനെ വിന്യസിക്കാനാണ് തീരുമാനിച്ചിരിക്കുന്നകത്.