കോട്ടയം: ബസ് യാത്രയ്ക്കിടയിൽ സ്ത്രീകളുടെ പണവും സ്വർണാഭരണങ്ങളും മോഷ്ടടിക്കുന്ന സംഘങ്ങൾ ജില്ലയിൽ വിലസുന്നു. കഴിഞ്ഞ ദിവസം മുക്കൂട്ടുതറയിൽനിന്ന് കോട്ടയത്തിനു പോവുകയായിരുന്ന ബസിൽ വച്ചു യാത്രക്കാരിയുടെ പണം മോഷ്്ടിച്ച രണ്ടു തമിഴ്നാട്ടുകാരായ സ്ത്രീകളെ കാഞ്ഞിരപ്പള്ളി പോലീസ് പിടികൂടിയിരുന്നു. തെങ്കാശി സ്വദേശികളായ ചിത്ര (29), അഞ്ജലി (28) എന്നിവരെയാണു പോലീസ് പിടികൂടിയത്.
നാലാം മൈൽ സ്വദേശി സുധർമ്മയുടെ ബാഗിൽ നിന്നു പണമടങ്ങിയ പഴ്സ് ഇവർ അപഹരിക്കുകയായിരുന്നു. പഴസ് നഷ്ടപ്പെട്ടെന്ന് സുധർമ അറിയിച്ചതോടെ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇവരെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. നഷ്ടപ്പെട്ട പണവും പഴ്സും ഇവരിൽ നിന്നു കണ്ടെത്തുകയും ചെയ്തിരുന്നു.
ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോൾ ഇത്തരത്തിൽ മോഷണം തൊഴിലാക്കിയ നിരവധി സംഘങ്ങൾ ജില്ലയിൽ എത്തിയിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചു. നാളുകൾക്കു മുന്പു വരെ കോട്ടയം, തൊടുപുഴ, ഈരാറ്റുപേട്ട റൂട്ടുകളിലെ തിരക്കുള്ള കെഎസ്ആർടിസി ബസുകളിൽ ഇതുപോലെ നിരവധി സ്്ത്രീകളുടെ ബാഗിൽ നിന്നും പണമടങ്ങിയ പഴ്സും സ്വർണാഭരണങ്ങളും നഷ്്ടപ്പെട്ടിരുന്നു.
ഇതു സംബന്ധിച്ചു ഏറ്റുമാനൂർ, കിടങ്ങൂർ, പാലാ, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. എന്നാൽ ഈ കേസുകളിലെ മോഷ്്ടാക്കളെ പിടികൂടാൻ പോലീസിനു കഴിഞ്ഞിട്ടില്ല. തിരക്കുള്ള കെഎസ്ആർടിസി, സ്വകാര്യ ബസുകളിൽ മാത്രം കയറിയാണു ഇത്തരം മോഷ്്ടാക്കൾ പണമടങ്ങിയ പഴ്സും സ്വർണാഭരണങ്ങളും മോഷ്്ടിച്ചു രക്ഷപ്പെടുന്നത്.
മോഷണം നടത്തി കഴിഞ്ഞാൽ തൊട്ടടുത്തുള്ള സ്റ്റോപ്പിൽ തന്നെ ഇറങ്ങി ഇവർ രക്ഷപ്പെടുകയാണ് ചെയ്യുന്നത്. മാന്യമായ രീതിയിൽ വേഷം ധരിച്ചെത്തുന്ന ഇത്തരക്കാരെ പെട്ടെന്നു സംശയിക്കാറുമില്ല. സ്ത്രീകളുടെ പക്കലുള്ള ഹാൻഡ് ബാഗിൽ നിന്നും അതിവിദ്ഗധമായി പഴ്സും മറ്റുവിലപിടിപ്പുള്ള വസ്തുക്കളും അടിച്ചുമാറ്റാൻ പരിശീലനം നേടിയവരാണിവർ. ചില സമയങ്ങളിൽ ആളുടെ ശ്രദ്ധതിരിച്ചും ഇവർ മോഷണം നടത്താറുണ്ട്.
കോട്ടയം- തൊടുപുഴ- ഈരാറ്റുപേട്ട റൂട്ടിലും കോട്ടയം – കുമളി റൂട്ടിലുമാണു ഇത്തരം മോഷ്്ടാക്കളുടെ ശല്യം ഏറെയുള്ളത്. ഇവർ പ്രധാനമായും രണ്ടും മൂന്നും പേരടങ്ങുന്ന സംഘങ്ങളായിട്ടാണു ബസുകളിൽ സഞ്ചരിക്കുന്നത്. ബസുകൾക്കു പുറമേ ആരാധനലായങ്ങൾ കേന്ദ്രീകരിച്ചും സംഘങ്ങൾ മോഷണം ലക്ഷ്യമിട്ടു വിലസുന്നുണ്ട്. മോഷണം ലക്ഷ്യമിട്ടു ജില്ലയിൽ തന്പടിച്ചിരിക്കുന്നവരെ പിടികൂടാൻ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.