തിരുവനന്തപുരം: ഓട്ടോറിക്ഷയില്‍ കറങ്ങിനടന്ന് പിടിച്ചുപറി നടത്തുന്ന മൂന്നംഗസംഘം റിമാന്‍ഡില്‍. ചാല കരിമഠം സ്വദേശി രാഹുല്‍ (28), നെടുമങ്ങാട് മഞ്ച വെള്ളൂര്‍ക്കോണം സ്വദേശി സജി സ്റ്റീഫന്‍ (25), മഞ്ച വെള്ളൂര്‍ക്കോണം പാതിരിയോട് സ്വദേശി നിധീഷ് (25) എന്നിവരാണ് റിമാന്‍ഡിലായത്.
ആയിരൂപ്പാറ ശാസ്തവട്ടം സ്വദേശിനിയും മെഡിക്കല്‍ കോളജ് ചാലക്കുഴി റോഡില്‍ വീട്ടുജോലിക്ക് നില്‍ക്കുന്നയാളുമായ അമ്പിളി (42) യുടെ പണം അടങ്ങിയ പഴ്സ് ഓട്ടോയില്‍ എത്തി കവര്‍ന്ന കേസിലാണ് പ്രതികള്‍ വലയിലായത്. 2013ല്‍ തൃക്കണ്ണാപുരം ആറ്റില്‍ സുഹൃത്ത് നന്ദുവിനെ തള്ളിയിട്ടുകൊന്ന കേസിലെ പ്രതിയാണ് രാഹുൽ.
അതേവര്‍ഷം തന്നെ കിള്ളിപ്പാലം ബിവറേജസ് കുത്തിത്തുറന്ന് പണവും മദ്യവും കവര്‍ന്നതിനും അടിപിടി, മോഷണം എന്നിവയ്ക്കും ഇയാള്‍ക്കെതിരെ കേസുണ്ട്. സജി സ്റ്റീഫന്‍ നെടുമങ്ങാട് സ്റ്റേഷനില്‍ അടിപിടി, പിടിച്ചുപറി കേസുകളുണ്ട്.
മെഡിക്കല്‍കോളജ് സിഐ കെ.എസ് .അരുണിന്റെ നേതൃത്വത്തില്‍ എസ്ഐ ആര്.എസ്. ശ്രീകാന്ത്, ക്രൈം എസ്ഐ ഗോപകുമാര്‍, സിപിഒമാരായ വിനീത്, വിനോദ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം ഉള്ളൂര്‍ ഭാഗത്തുനിന്നാണ് പ്രതികളെ പിടികൂടിയത്.