തിരുവനന്തപുരം: ജയിലിൽ വച്ച് മോഷണ പദ്ധതികൾ ആസൂത്രണം ചെയ്ത് ജയിലിൽ നിന്നിറങ്ങിയ ശേഷം മോഷണം നടത്തിയ രണ്ട് മോഷ്ടാക്കളെ തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് പിടികൂടി. ആളില്ലാതെ പൂട്ടിക്കിടന്ന വീട്ടിൽ കയറിയാണ് ഇവർ മോഷണം നടത്തിയത്. വള്ളക്കടവ് ഖദീജ മൻസിലിൽ നിന്നും ഇപ്പോൾ പുഞ്ചക്കരി മുട്ടളക്കുഴി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഷാരൂഖ് ഖാൻ (20), കൊല്ലം, മേയനൂർ ശാസ്താംപൊയ്ക, രാജമല്ലി സദനത്തിൽ പ്രശാന്ത് (23) എന്നിവരെയാണ് സിറ്റി ഷാഡോ പോലീസ് പിടികൂടിയത്. ഫോർട്ട് പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
മണക്കാട് കൊഞ്ചിറവിള ഭാഗത്ത് ഒരു വീട്ടിൽ കഴിഞ്ഞയാഴ്ച നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ഇവർ പിടിയിലായത്. ഈ വീട്ടിൽ നിന്നും നാലര പവൻ സ്വർണാഭരണങ്ങളും മോഷണം പോയിരുന്നു. വീട്ടിലെ സിസിടിവി ഹാർഡ് ഡിസ്കും മോഷ്ടിച്ചു. അടുത്ത കാലത്ത് ജയിലിൽ നിന്നിറങ്ങിയ മോഷ്ടാക്കാളെ കേന്ദ്രീകരിച്ച് ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്.
അടുത്തിടെ കഴക്കൂട്ടം യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കന്പനി ഓഫീസ് കുത്തി തുറന്ന് ഒന്നേകാൽ ലക്ഷം മോഷ്ടിച്ച കേസിൽ ജയിലിലായി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാണ് ഷാരൂഖ് ഖാൻ വീണ്ടും മോഷണം നടത്തിയത്. ഇയാളോടൊപ്പം ജയിലിൽ ഉണ്ടായിരുന്ന പ്രശാന്തുമായി ചേർന്ന് മോഷണ പദ്ധതികൾ ജയിലിൽ വെച്ച് ആസൂത്രണം നടത്തിയാണ് ഇവർ വീണ്ടും മോഷണം ആരംഭിച്ചത്. പോക്സോ കേസിൽ ഉൾപ്പെട്ടാണ് പ്രശാന്ത് ജയിലിലായത്.
പിടികൂടാൻ നേരം പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഷാരൂഖ്ഖാനെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഡിസിപി ആർ.ആദിത്യ, ഫോർട്ട് ഏസി പ്രതാപൻ നായർ, സ്പെഷൽ ബ്രാഞ്ച് ഏസി പ്രമോദ് കുമാർ, കണ്ട്രോൾ റൂം ഏസി ശിവസുതൻ പിള്ള, ഫോർട്ട് സിഎ ടി. മനോജ്, ഷാഡോ എഎസ്ഐമാരായ യശോധരൻ, അരുണ്കുമാർ ഷാഡോ ടീമാംഗങ്ങൾ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.