കണ്ണൂർ: ബംഗളൂരുവിൽ നിന്ന് വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിന്റെ മുറിയിൽ കയറി പണമടങ്ങിയ ബാഗ് മോഷ്ടിച്ച വിരുതനെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. കണ്ണൂർ സ്വദേശി ഉബൈദിനെ (34) യാണ് ടൗൺ പോലീസ് പിടികൂടിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ബംഗളൂരുവിലെ എക്സ്റ്റെൻഷൻ ഗ്രൂപ്പിലെ എട്ടംഗസംഘം കണ്ണൂർ ഉൾപ്പെടെയുള്ള വിവിധ വിനോദകേന്ദ്രങ്ങൾ സന്ദർശിക്കാൻ എത്തിയതായിരുന്നു. രാത്രിയോടെ കണ്ണൂർ രാജീവ്ഗാന്ധി റോഡിനു സമീപത്തെ ടി.കെ.ടി. ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത് താമസിച്ചു. അർധരാത്രിയോടെ പൈപ്പ് വഴി മുറിയിലെത്തിയ മോഷ്ടാവ് ഉറങ്ങുകയായിരുന്ന വിനോദയാത്രാ സംഘത്തിന്റെ പണമടങ്ങിയ ബാഗ് മോഷ്ടിക്കുകയായിരുന്നു.
10,000 രൂപ, തിരിച്ചറിയൽ കാർഡ്, മറ്റു രേഖകൾ തുടങ്ങിയവ അടങ്ങിയ ബാഗാണ് മോഷണം പോയത്. ബാഗുമായി കണ്ണൂർ എസ്എൻ പാർക്ക് റോഡ് വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ടൗൺ എസ്ഐ ടി. ബാവിഷിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. മോഷണത്തിനിടെ പൈപ്പ് പൊട്ടി ഇയാളുടെ കാലിനു പരിക്കേറ്റിരുന്നു. പോലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.