വെണ്മണി: ബൈക്ക് യാത്രികനെ തടഞ്ഞുനിർത്തി മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിൽ കോടതി ശിക്ഷിച്ചതറിഞ്ഞ് ഒളിവിൽ പോയ പ്രതി 14 വർഷത്തിനുശേഷം കോയമ്പത്തൂരിൽ പിടിയിൽ.
ചെങ്ങന്നൂർ പാണ്ടനാട് കീഴ്വ ൻമഴി കണ്ടത്തിൽപറമ്പിൽ വീട്ടിൽ മനോജി(മോഴ ബിനു-48) നെയാണ് വെണ്മണി പോലീസ് പിടികൂടിയത്. 2007ൽ വെണ്മണി ചമ്മത്തുമുക്ക് രക്ഷാസൈന്യം പള്ളിക്കു സമീപമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന നൂറനാട് പാലമേൽ മുതുകാട്ടുകര റെജി കോട്ടേജിൽ ആർ.ടി. വർഗീസിനെ മാർച്ച് 31 ന് ബൈക്ക് തടഞ്ഞുനിർത്തി വടിവാൾ കാട്ടി ഭീഷണിപ്പെടുത്തുകയും ഇയാളിൽനിന്നു പണവും മൊബൈൽഫോണും ഒരുപവൻ തൂക്കം വരുന്ന സ്വർണമോതിരം ഉൾപ്പെടെ കവർച്ച നടത്തുകയുമായിരുന്നു. കേസിൽ നാലു പ്രതികൾ അറസ്റ്റിലായി.
കോടതി കുറ്റക്കാരായി കണ്ട് ശിക്ഷ വിധിച്ചതിനെ തുടർന്ന് ഒന്നാം പ്രതിയായ മനോജ് കുടുംബത്തോടൊപ്പം ഒളിവിൽ പോകുകയായിരുന്നു.കഴിഞ്ഞദിവസം വെണ്മണി പോലീസ് നടത്തിയ അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ് നാട് കോയമ്പത്തൂർ തിരുപ്പൂർ ജില്ലയിലെ അവിനാശി പോലീസ് സ്റ്റേഷൻ പരിധിയിലെ ഭാരതി നഗറിൽ നിന്നു ഇയാൾ പിടിയിലാകുകയായിരുന്നു .
2009 ൽ ശിക്ഷ വിധിച്ച കേസിൽ ശിക്ഷ അനുഭവിക്കാതെ ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം ഇയാൾ കേരളത്തിലും തമിഴ് നാട്ടിലും വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
ചെങ്ങന്നൂർ ഡിവൈഎസ് പി കെ.എൻ. രാജേഷിന്റെ നേതൃത്വത്തിൽ വെണ്മണി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നസീർ.എ, സബ് ഇൻസ്പെക്ടർ ആന്റണി.ബി.ജെ, സീനിയർ സിവിൽ പോലീസ് ഓഫീസർ റഹീം.എസ്, സിവിൽ പോലീസ് ഓഫീസർ സതീഷ്.പി.ജെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.