പയ്യന്നൂര്‍: മോഷ്ടിച്ച ബൈക്കിലെത്തി മോഷണങ്ങളും പിടിച്ചുപറിയും നടത്തിയ കേസിലെ പ്രതികളുടെ പയ്യന്നൂരിലെ തെളിവെടുപ്പ് ഇന്ന് പൂര്‍ത്തിയാകും. വെങ്ങരയിലെ മൂലക്കിലിലെ സി.കെ.യദുകൃഷ്ണന്(25), തൃക്കരിപ്പൂര്‍ സ്വദേശി ബി.മുബാറക്ക്(26)എന്നിവരുടെ തെളിവെടുപ്പാണ് ഇന്ന് പൂര്‍ത്തിയാകുന്നത്.
കുട്ടിയോടൊപ്പം ആശുപത്രിയില്‍ കഴിയുകയായിരുന്ന ചൂരലിലെ ലതീഷിന്റെ ബൈക്ക് ഒന്നരമാസംമുമ്പ് മോഷ്ടിച്ചിരുന്നു. ഈ ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ ഇരുവരും രാമന്തളി നരമ്പില്‍ കോട്ടം ക്ഷേത്രത്തിന് സമീപം വച്ച് വലിയപറമ്പിലെ വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചിരുന്നു. മോഷ്ടാക്കളെ ഉന്തിത്താഴെയിട്ടാണ് വീട്ടമ്മ രക്ഷപ്പെടുകയായിരുന്നു.
സമീപത്തെ വീട്ടിലെ നിരീക്ഷണ കാമറയില്‍നിന്നും പ്രതികളെ കുറിച്ച് മനസിലാക്കിയ പയ്യന്നൂര്‍ പോലീസ് ഇവരെ പിടികൂടാന്‍ ശ്രമം നടത്തുന്നതിനിടയിൽ മോഷണസംഘത്തെ പഴയങ്ങാടി എസ്ഐ പി.ബി.സജീവന് ആലക്കോട് വച്ച് പിടികൂടുകയായിരുന്നു. മാടായിക്കാവ് ക്ഷേത്രദര്‍ശനത്തിനിടയില്‍ അതിയടം വീരന്‍ചിറയിലെ സുമതിയുടെ (44) മൂന്നര പവന്റെ മാല ബൈക്കിലെത്തി പൊട്ടിച്ചെടുത്ത സംഭവത്തിലായിരുന്നു അറസ്റ്റ്.
പഴയങ്ങാടി പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് പയ്യന്നൂരിലെ ജ്വല്ലറിയില്‍നിന്നും വില്പന നടത്തിയ സ്വര്‍ണം പോലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് റിമാൻഡിലായ പ്രതികളെ പയ്യന്നൂര്‍ പോലീസ് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.ഇവരെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.