പറവൂർ: അയൽവാസിയുടെ വീട്ടിൽനിന്ന് ഇരുപത് പവൻ സ്വർണം മോഷ്ടിച്ച കേസിൽ അറസ്റ്റിലായ ദന്പതികളെ റിമാൻഡ് ചെയ്തു. മന്നം പാറപ്പുറം ആലുംപറന്പ്് ഇക്ബാൽ (33), ഭാര്യ ഡൗസില (26) എന്നിവരെയാണു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
പ്രതികളുടെ അയൽവാസിയായ രായംവീട്ടിൽ അൻസാറിന്റെ പരാതിയിൽ പിടികൂടിയ ഇവർ സൗഹൃദം മറയാക്കിയാണ് മോഷണം നടത്തിയതെന്നു പോലീസ് പറഞ്ഞു. കുടുംബാംഗങ്ങളുമായി നല്ല സുഹൃത്ത് ബന്ധത്തിലായിരുന്ന പ്രതികൾക്ക് അൻസാറിന്റെ വീടിന്റെ മുക്കും മൂലയും വ്യക്തമായി അറിയാമെന്നു പോലീസ് പറഞ്ഞു. അൻസാറിന്റെ സഹോദരൻ അൻസിലിന്റെ ഭാര്യയുടെ സ്വർണമാണു നഷ്ടമായത്.
കഴിഞ്ഞ 26ന് ഉച്ചയ്ക്ക് ഒന്നിനും വൈകുന്നേരം അഞ്ചിനും മധ്യേയായിരുന്നു മോഷണം. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഇക്ബാലിന്റെ നിർദേശപ്രകാരം ഡൗസില വീട്ടിൽ കയറി സ്വർണം എടുക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ അടക്കമുള്ളവ എടുത്തുമാറ്റാതെ സ്വർണം മാത്രം എടുക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ വീടുമായി അടുപ്പമുള്ള ആളാണ് മോഷണം നടത്തിയതെന്ന് ഉറപ്പായിരുന്നുവെന്നു സിഐ കെ. അനിൽകുമാർ, എസ്ഐ കെ.എ. സാബു എന്നിവർ പറഞ്ഞു.
എട്ടുവളകൾ, ഒരു അരഞ്ഞാണം, മൂന്നു ജോഡി കമ്മൽ, രണ്ടു കൈ ചെയിൻ എന്നിവയാണ് മോഷ്ടിച്ചത്. ഇതിൽ പത്ത് ഗ്രാം സ്വർണം പതിനേഴായിരം രൂപയ്ക്കു പണയം വച്ചു. പിന്നീടിത് വില്ക്കുകയും ചെയ്തു. ബാക്കിയുള്ളവ ഇക്ബാലിന്റെ വീടിന്റെ ചായ്പിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു
പണയം വച്ച സ്വർണം കണ്ടെടുക്കുന്നതിനു നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഒന്നര പവന്റെ മാല പൊട്ടിച്ചതിന് ഇക്ബാലിനെതിരേ മുഹമ്മ സ്റ്റേഷനിൽ വേറെ കേസുണ്ടെന്നും പോലീസ് പറഞ്ഞു.