ശാസതാംകോട്ട: മുളക് പൊടി എറിഞ്ഞ് വൃദ്ധരുടെ മാല പൊട്ടിച്ചെടുക്കന്ന സംഘത്തെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കാവനാട് ഇടപ്പാടം മുട്ടറ കിഴക്കതിൽ സിദ്ധീഖ് (28), കരിക്കോട് ചപ്പേത്തടം തൊടിയിൽ പുത്തൻവീട്ടിൽ നിസാമുദീൻ (50) , കുണ്ടറ മുക്കൂട് ഷൈനി ഭവനിൽ മുരുകൻ (52) എന്നിവരാണ് പിടിയിലായത്.
ഒരാഴ്ച മുമ്പ് വേങ്ങ ആദിക്കാട്ട് ബംഗ്ലാവിൽ കമലാ ദേവി (85) യെ ഇവരുടെ വീട്ട് മുറ്റത്ത് കണ്ണിൽ മുളക് പൊടി വിതറി മൂന്നര പവൻ മാല അപഹരിച്ച കേസുമായി ബന്ധപ്പെട്ട അന്വഷണത്തിനെതുടർന്നാണ് പ്രതികൾ പിടിയിലാകുന്നത്.
പ്രായമുള്ള സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളിൽ എത്തി കിണർ വൃത്തിയാക്കുക, മാങ്ങ, ചക്ക എന്നിവ വാങ്ങുക, കുടിക്കാൻ വെള്ളം ആവശ്യപ്പെടുക തുടങ്ങിയ വ്യാജേന വീടുകളിൽ എത്തി പരിസരം വീക്ഷിച്ച ശേഷമാണ് മോഷണം നടത്തുന്നത്.
കൊട്ടിയം, കണ്ടറ പോലീസ് സ്റ്റേഷനുകളിലും സമാനമായ മോഷണം പ്രതികൾ നടത്തിയിരുന്നു. മോഷണത്തിന് ഉപയോഗിച്ചിരുന്ന ബൈക്ക് പ്രതികളിൽ ഒരാളായ സിദ്ധീഖ് എറണാകുളത്ത് നിന്നും മോഷ്ടിച്ചതാണെന്ന് പോലീസ് പറഞ്ഞു.
പ്രതികൾ സ്ഥിരമായി ഒരിടത്ത് താമസിക്കാത്തതും മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും പ്രതികളെ പിടികൂടുന്നതിന് ഏറെ ക്ലേശകരമായതായും കവർച്ചാ കേസുകളിൽ ആദ്യമായാണ് പ്രതികൾ പിടിയിലാകുന്നതെന്നും പോലീസ് പറഞ്ഞു. പ്രതികളെ ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.