വെഞ്ഞാറമൂട്: തേമ്പാംമൂട്ടിൽ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അവനവഞ്ചേരി ആർ.എസ്.നിവാസിൽ രതീഷ് (32), ചിറയിൻകീഴ് തെക്കേ അരയത്തുരുത്തുവീട്ടിൽ ശ്രീകണ്ഠൻ (36) ഏ.കെ.നഗറിൽ അനൂപ് എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ 10ന് പ്രവാസിയായ തേമ്പാംമൂട്, ചാവറോട്, ഫസീന മൻസിലിൽ ഷാഫിയുടെ വീടിന്റെ പിൻവശത്തെ വാതിൽ പൊളിച്ചാണ് വീട്ടിൽ നിന്ന് ഇരുപത്തിരണ്ട് പവൻ സ്വർണവും പതിനായിരം രൂപയും മോഷ്ടിച്ചത്.
ഷാഫിയുടെ ഭാര്യ റഫീനയും മകളും മാതാവ് ഫാത്തിമയുമാണ് ഇവിടെ താമസിക്കുന്നത്. മകൾക്ക് സുഖമില്ലാതായതിനാൽ കുട്ടിയേയും കൂട്ടി റഫീന ആശുപത്രിയിലും മാതാവ് കുടുംബവീട്ടിലും പോയ സമയത്തായിരുന്നു മോഷണം.കഞ്ചാവ് കേസിൽ കഴിഞ്ഞ വർഷം ജാമ്യത്തിൽ ഇറങ്ങിയ രതീഷ് കാലുകൾക്ക് വെട്ടേറ്റ് ചികിത്സയിലായിരുന്നു.
ചാവറോഡ് വഴി ഇയാൾ നടന്നുവരുമ്പോൾ ആളില്ലാതെ അടഞ്ഞുകിടന്ന വീട് ശ്രദ്ധയിൽപ്പെട്ടത്. വീടിന്റെ പിൻവശത്തു എത്തിയ രതീഷ് അവിടെയുണ്ടായിരുന്ന കൊടുവാൾ ഉപയോഗിച്ച് കതകും ഗ്രില്ലും തുറക്കുകയും അകത്ത് കടന്ന് അലമാര കുത്തി പ്പൊളിച്ച് പണവും ആഭരണങ്ങളും മോഷ്ടിച്ചു.
തുടർന്ന് മെയിൻ റോഡിൽ എത്തിയ ഇയാൾ അവിടെ നിന്നും ഒരു ഓട്ടോയിൽ ആറ്റിങ്ങൽ എത്തുകയും ശ്രീകണ്ഠനെയും, അനൂപിനെയും കൂട്ടി രണ്ടു വളകളും, രണ്ടു ജോഡി കൊലുസുകളും ആറ്റിങ്ങലിലെ രണ്ട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച് ഒരു ലക്ഷത്തി അറുപതിനായിരം രൂപ വാങ്ങി വീതിച്ചെടുത്ത് ശ്രീകണ്ഠനും,അനൂപും കണ്ണൂരിലേയ്ക്കും അവിടെ നിന്ന് ഗോവയിലേയ്ക്കും പോകുകയായിരുന്നു. മൂന്ന് ദിവസം ഇവിടെ തങ്ങിയവർ 15ന് തിരികെ എത്തിയിരുന്നു.
ഇതിനകം തന്നെ ഒന്നാം പ്രതി രതീഷിന്റെ സിസിടിവി ദൃശ്യം മോഷണം നടന്ന വീട്ടിൽ നിന്നും പോലീസിന് ലഭിച്ചിരുന്നു. ഇതിൽ നിന്നും ഒന്നാം പ്രതിയെ പിടികൂടി ഇവരുടെ മൊബൈൽ ഫോൺ പിൻതുടർന്ന് ഷാഡോ പോലീസിന്റെ സഹായത്തോടെ രണ്ടും മൂന്നും പ്രതികളെ പിടികൂടുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി ബി.അശോകൻ, ആറ്റിങ്ങൽ ഡിവൈഎസ്പി ഫേമസ് വർഗീസ് എന്നിവരുടെ നിർദേശപ്രകാരം വെഞ്ഞാറമൂട് സിഐ ജയകുമാർ, എസ്ഐതമ്പിക്കുട്ടി, ജിഎസ്ഐമാരായ അജികുമാരൻ നായർ, ജയകുമാർ, സിപിഒ സുധീഷ് ഷാഡോ പോലീസ് എഎസ്ഐ ഫിറോസ്, സിപിഒ മാരായ റിയാസ്, ദീലീപ്, ബിജുകുമാർ, ജോതിഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.