കാഞ്ഞങ്ങാട്: നിരവധി മോഷണക്കേസുകളില്‍ പോലീസ് തെരയുന്ന പ്രതി വീട്ടുമുറ്റത്തിരിക്കുകയായിരുന്ന യുവതിയെ പട്ടാപ്പകല്‍ തലയ്ക്കടിച്ച് വീഴ്ത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.
അര്‍ധബോധാവസ്ഥയിലായ യുവതിയെ കാട്ടിലേക്ക് വലിച്ചിഴച്ച് മര്ദിച്ചവശയാക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു.
മടിക്കൈ കാഞ്ഞിരപ്പൊയില്‍ കറുകവളപ്പിലെ അനില്‍ കുമാറിന്റെ ഭാര്യ വിജിത (30) യാണ് അക്രമത്തിനും കവര്‍ച്ചയ്ക്കും ഇരയായത്.
തൊട്ടടുത്ത കാട്ടുപ്രദേശത്ത് സംശയകരമായ സാഹചര്യത്തില്‍ രണ്ടുപേര്‍ ഷെഡ് കെട്ടി താമസിക്കുന്നുണ്ടെന്ന വിവരം അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസിന് നല്‍കിയിരുന്നു. കുടിവെള്ളം ചോദിച്ചും മറ്റും ഇവര്‍ സമീപത്തെ വീടുകളില്‍ എത്തുകയും ചെയ്തിരുന്നു.
നിരവധി മോഷണക്കേസുകളില്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള കുപ്രസിദ്ധ മോഷ്ടാവ് പെരളത്തുവീട്ടില് അശോകന് എന്ന അഭിയാണ് ഇതില്‍ ഒരാളെന്ന് തിരിച്ചറിയുകയും ചെയ്തു.
അടുത്തിടെ സമീപത്തെ വീടുകളില്‍ നിരവധി മോഷണങ്ങളും കവര്‍ച്ചാശ്രമങ്ങളും നടക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം നാട്ടുകാരും പോലീസും കാട് വളയുകയും ഷെഡിലുണ്ടായിരുന്ന മഞ്ജുനാഥ് എന്ന യുവാവിനെ പിടികൂടുകയും ചെയ്തിരുന്നു.
എന്നാല്‍, നാട്ടുകാരും പോലീസും വരുന്നതുകണ്ട് അശോകന് കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. ഇയാള്‍ക്കുവേണ്ടി തെരച്ചില്‍ നടക്കുന്നതിനിടെയാണ് നാടകീയമായി നാട്ടിലിറങ്ങി പ്രതികാരത്തിനൊരുങ്ങിയത്.
ഇന്നലെ രാവിലെ അനില്‍കുമാര്‍ ജോലിക്കു പോയതിനുശേഷം കുട്ടികളെ സ്കൂള്‍വാനില്‍ കയറ്റിവിട്ട് പത്തരയോടെ വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു വിജിത.
വീട്ടുമുറ്റത്തെ കസേരയിലിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി പിന്നിലൂടെയെത്തിയ മോഷ്ടാവ് തലയ്ക്കടിച്ച് വീഴ്ത്തിയത്. ഇയാള്‍ നേരത്തേ ഇവരുടെ വീട്ടുപറമ്പിലെത്തി ഒളിച്ചുനില്‍ക്കുകയായിരുന്നുവെന്ന് കരുതുന്നു.
കുറ്റിക്കാടുകള്‍ നിറഞ്ഞ സ്ഥലമായതിനാല്‍ പെട്ടെന്ന് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ്.അടിയേറ്റ് വിജിത കസേരയില്‍നിന്നും വീണപ്പോള്‍ തൊട്ടടുത്ത് അഴിച്ചുവച്ചിരുന്ന ഷൂസില്നിന്നും ലേസ് ഊരിയെടുത്ത് കഴുത്തില്‍ മുറുക്കുകയും അര്ധബോധാവസ്ഥയിലായതോടെ കാട്ടിലേക്ക് വലിച്ചിഴക്കുകയുമായിരുന്നു.
പിന്നീട് കഴുത്തിലെ സ്വര്‍ണമാലയും കമ്മലും മോതിരവും അഴിച്ചെടുത്ത് സ്ഥലംവിടാനൊരുങ്ങി. ഇതിനിടയില്‍ ബോധമുണര്‍ന്ന വിജിത ഭര്‍ത്താവിനെ വിളിച്ച് നിലവിളിച്ചപ്പോള്‍ ‘നീ ചത്തില്ലേ’ എന്ന് ചോദിച്ച് മോഷ്ടാവ് തിരിച്ചെത്തി. ‘പേര് പറഞ്ഞാല്‍ കൊല്ലും.
പോലീസ് പിടിച്ചാലും പുറത്തുവരും. സൂക്ഷിച്ചോ’ എന്നും പറഞ്ഞ് ഒരു തോര്‍ത്തെടുത്ത് വീണ്ടും കഴുത്തില്‍ മുറുക്കി. ‘നീയിനി എന്തായാലും ജീവിക്കാന്‍ സാധ്യതയില്ല’ എന്നും പറഞ്ഞ് തലയിലും ദേഹത്തും ചവിട്ടി മണ്ണിലേക്കമര്ത്തിക്കിടത്തിയാണ് സ്ഥലംവിട്ടത്.
ഏറെ സമയം കഴിഞ്ഞ് സമീപവാസിയായ കൃഷ്ണന് അതുവഴിവന്നപ്പോഴാണ് വിജിതയെ വീട്ടുമുറ്റത്ത് ബോധരഹിതയായി കിടക്കുന്നത് കണ്ടത്. ഉടനെ നാട്ടുകാരെ വിളിച്ചുകൂട്ടി വിജിതയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഏറ്റവുമൊടുവില്‍ തായന്നൂര്‍ അശ്വതി നിവാസിലെ ടി.വി. പ്രഭാകരന്റെ വീട്ടിലെ വീട്ടില്‍ കയറി പണവും സ്വര്‍ണവും മൊബൈല്‍ ഫോണുകളും കവര്‍ന്ന കേസിലാണ് അശോകനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
കാഞ്ഞിരപ്പൊയില്‍ തണ്ണീര്‍പന്തലിലെ തൊഴിലുറപ്പ് തൊഴിലാളി മാധവിയുടെ വീട്ടില്‍ കയറി അവിടെ പാകംചെയ്തുവച്ചിരുന്ന ഭക്ഷണം കഴിച്ച് 30000 രൂപ കവര്‍ന്ന സംഭവത്തിനു പിന്നിലും ഇയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
സമീപസ്ഥലങ്ങളില്‍ ഉണക്കാനിട്ട അടയ്ക്ക മോഷണം പോയ സംഭവങ്ങളും ഉണ്ടായിരുന്നു. ഇയാള്‍ നടത്തുന്ന മോഷണങ്ങളെല്ലാം പട്ടാപ്പകലാണെന്ന പ്രത്യേകതയുമുണ്ട്.
കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ.വി.ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രദേശത്തെ കാട്ടിലും വിജനമായ സമീപപ്രദേശങ്ങളിലും ഡ്രോണ്‍ ക്യാമറ ഉള്‍പ്പെടെ ഉപയോഗിച്ച് തെരച്ചില്‍ നടത്തിയെങ്കിലും അശോകനെ കണ്ടെത്താനായിട്ടില്ല.