മാന്നാനം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാന്നാനം ശാഖയുടെ എടിഎം കൗണ്ടർ കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ ഗാന്ധിനഗർ പോലീസ് അന്വേഷണം ആരംഭിച്ചു. എടിഎം കൗണ്ടറിനുള്ളിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയിലെ ദൃശ്യങ്ങൾ ബാങ്ക് അധികൃതർ ഇന്നലെ തന്നെ പോലീസിനു കൈമാറിയിരുന്നു.
എന്നാൽ ദൃശ്യങ്ങളിൽ കവർച്ചയ്ക്കു എത്തിവരുടേതെന്നു കരുതുന്ന ദൃശ്യങ്ങൾ വ്യക്തമല്ലെന്നു പോലീസ് പറഞ്ഞു. അതിനാൽ ദൃശ്യങ്ങൾ ഇന്നു തന്നെ സൈബർ സെല്ലിനു കൈമാറും. തുടർന്നു സൈബർ സെല്ലിന്റെ സഹായത്തോടെ കൂടുതൽ പരിശോധനകൾ നടത്തി ദൃശ്യങ്ങളിലുള്ളവരെ കണ്ടെത്താനാണു പോലീസ് ശ്രമിക്കുന്നത്.
എടിഎം കൗണ്ടറിനു പുറത്തു സ്ഥാപിച്ചിരുന്ന കാമറകൾ മോഷ്്ടാക്കൾ നശിപ്പിച്ചിരുന്നു. അതിനാൽ അതിൽ നിന്നും ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് മോഷണ ശ്രമമുണ്ടായത്. മുഖംമൂടി ധരിച്ച രണ്ടുപേരാണ് മോഷണശ്രമത്തിനു പിന്നിലെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്.
ഈ സമയത്ത് എത്തിയ ഗാന്ധിനഗർ സ്റ്റേഷനിലെ പോലീസ് പട്രോളിംഗ് ജീപ്പ് കണ്ട് മോഷ്ടാക്കൾ ഇറങ്ങിയോടി. കൗണ്ടറിന്റെ മുൻവശത്തുള്ള കാമറകൾ തകർക്കുകയും മെഷീനിന്റെ കേബിളുകൾ അറുത്തുമാറ്റിയ നിലയിലുമായിരുന്നു. വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.