കോട്ടയം: കേവിഡ് വാക്സിന് വിതരണത്തിനെന്ന പേരില്‍ എത്തി വീട്ടമ്മയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പട്ടാപ്പകല്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതം. അന്വേഷണം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് ചീഫ് ഡി. ശില്പയുടെ നിര്‍ദേശാനുസരണം കോട്ടയം ഡിവൈഎസ്പി എം.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഒമ്പതംഗ അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു.
ഇന്നലെ ഉച്ചയ്ക്ക് അയര്‍ക്കുന്നം ചേന്നാമാറ്റത്താണ് സംഭവം. പുത്തന്‍പുരയ്ക്കല്‍ ജോസിന്റെ ഭാര്യ ലിസിമ്മ(60)യെ കെട്ടിയിട്ടാണ് 29 പവന് കവര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. പരിശോധനയില്‍ സംഭവ സമയം വീടിനു സമീപം ഒരു ബൈക്ക് പാര്‍ക്ക് ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഈ ബൈക്ക് കേന്ദ്രീകരിച്ചാണ് അന്വേഷണം. എന്നാല്‍ ഇതുവരെ ആരെയും കേന്ദ്രീകരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.വീട്ടുകാര്‍ പറഞ്ഞ കാര്യങ്ങളിലെ അസ്വഭാവികത കണ്ടു സ്വര്‍ണം വീട്ടിലുണ്ടായിരുന്നോ എന്നുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചു. അന്വേഷണത്തില്‍ ബാങ്ക് ലോക്കറില്‍ നിന്നും വീട്ടിലേക്ക് സ്വര്‍ണം എടുത്തിരുന്നതായി മനസിലായി.
ചേന്നാമറ്റം-തൈക്കൂട്ടം റോഡിലെ വീട്ടിലാണ് ജോസും ഭാര്യ ലിസമ്മയും താമസിച്ചിരുന്നത്. സംഭവസമയം ജോസ് വീട്ടിലില്ലായിരുന്നു. ഉച്ചയ്ക്ക് 12ന് പാന്റും ഷര്‍ട്ടും ധരിച്ച് മാസ്കുമണിഞ്ഞ് വീട്ടിലെത്തി യുവാവ് വരാന്തയില്‍ ഇരുന്ന ലിസമ്മയുമായി സംസാരിച്ചു. കോവിഡ് വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് എത്തിയതാണെന്നാണ് പറഞ്ഞത്. വാക്സിനേക്കുറിച്ചും സംസാരിച്ചു.
ഇപ്പോള്‍ വീട്ടില്‍ ആരുമില്ലെന്നും പിന്നീട് വരാനും ലിസമ്മ നിര്‍ദേശിച്ചു. ഇതോടെ പുറത്തേക്കു പോയ യുവാവ് ഉടന്‍ തിരികെയെത്തി കുടിക്കാന്‍ വെളളം ചോദിച്ചു. വെള്ളം എടുക്കാനായി അകത്തേക്ക് ലിസമ്മ പോയതിനു പിന്നാലെ ഉള്ളില്‍ കടന്ന യുവാവ് വാതില്‍ കുറ്റിയിട്ടു. തുടര്‍ന്നു തോക്കു ചൂണ്ടി ലിസമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് ലിസമ്മയുടെ കൈയും പിന്നിലേക്ക് കെട്ടി വായില്‍ തുണി തിരുകി. കഴുത്തില്‍ കിടന്ന മാല, കമ്മല്‍, മോതിരം എന്നിവ ഊരിയെടുത്തു. പിന്നീട് അലമാര തുറന്ന് സ്വര്‍ണം കവര്‍ന്നു.കാറിന്റെ താക്കോല്‍ ആവശ്യപ്പെട്ടെങ്കിലും അറിയില്ലെന്നു ലിസമ്മ പറഞ്ഞു. തുടര്‍ന്ന് വീടിന്റെ താക്കോലുമായി പുറത്തിറങ്ങിയ യുവാവ് വീട് പൂട്ടി കടന്നു കളയുകയായിരുന്നു.
ഒരു മണിക്കൂറിനു ശേഷം നിരങ്ങി നീങ്ങി വാതില്ക്കല് എത്തിയ ലിസമ്മ കൈ കെട്ടിയത് അഴിച്ച് ബഹളം വച്ച് സമീപമുള്ള ജോസിന്റെ സഹോദരനും ഭാര്യയും ഓടിയെത്തുകയായിരുന്നു. ജില്ലാപോലീസ് ചീഫ് ഇന്നലെ വീട് സന്ദര്‍ശിച്ചു. വിരലടയാള വിദഗ്ധരും എത്തിയിരുന്നു.