അടൂര്‍: വിവാഹം കഴിഞ്ഞ് ആദ്യരാത്രി നവവധുവിനൊപ്പം ചെലവഴിച്ച ശേഷം സ്വര്‍ണവും പണവുമായി മുങ്ങിയ യുവാവിനെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹപ്പിറ്റേന്നു രാവിലെ പഴകുളം സ്വദേശിനിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവുമായി മുങ്ങിയതിനെ തുടര്‍ന്ന് വധുവിന്റെ പിതാവിന്റെ പരാതിയില്‍ വിശ്വാസ വഞ്ചനയ്ക്ക് അടൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കായംകുളം തെക്കേടത്ത് തറയില്‍ അസറുദ്ദീന് റഷീദിനെ (30) ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സുഹൃത്തിന് അപകടം പറ്റിയെന്ന്
കഴിഞ്ഞ ജനുവരി 30ന് ആദിക്കാട്ടുകുളങ്ങര എസ്എച്ച് ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം മതാചാര പ്രകാരം നടന്നത്.
തുടര്‍ന്ന് ഇരുവരും വധുവിന്റെ വീട്ടിലെത്തി. 31 ന് പുലര്‍ച്ചെ മൂന്നോടെ സുഹൃത്തിന് അപകടം പറ്റിയെന്നും താന്‍ ചെന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകണമെന്നും പറഞ്ഞ് അസറുദ്ദീന് വധൂഗൃഹത്തില്‍ നിന്നു പോകുകയായിരുന്നു.
ഇയാള്‍ പോയിക്കഴിഞ്ഞ് മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫായി. തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വധുവിന്റെ 30 പവന്റെ ആഭരണങ്ങളില്‍ പകുതിയും 2.75 ലക്ഷം രൂപയും കാണാനില്ലെന്ന് മനസിലായി.
ആദ്യ ഭാര്യയുടെ വീട്ടിൽ…
തുടര്‍ന്ന് വധുവിന്റെ പിതാവ് വരന്റെ വീട്ടുകാരെ വിവരം അറിയിച്ച ശേഷം, അടൂര്‍ പോലീസില്‍ പരാതി നല്കി. പോലീസ് അന്വേഷണത്തില്‍ അസറുദ്ദീന് രണ്ട് വര്‍ഷം മുമ്പു ആലപ്പുഴ ചേപ്പാട് സ്വദേശിനിയെ വിവാഹം കഴിച്ചിട്ടുള്ളതായി വ്യക്തമായി.
അസറുദ്ദീന് ചേപ്പാടുള്ള ആദ്യ ഭാര്യയുടെ വീട്ടിലാണെന്നു മനസിലാക്കിയ പോലീസ് അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം അടൂര്‍ ഡിവൈഎസ്പി ആര്.ബിനുവിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച അന്വേഷണ സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥരായ അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പ്രജീഷ്, എസ്ഐ വിമല്‍ രംഗനാഥ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സോളമന് ഡേവിഡ്, സൂരജ്,അമല്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇതിനിടെ അസറുദ്ദീന് റഷീദിനെ സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് നാല് പേര്‍ക്കെതിരെ അടൂര്‍ പോലീസ് കേസെടുത്തു.