ആലപ്പുഴ: ബിവറേജസ് പ്രീമിയം കൗണ്ടറിൽ നിന്നും പലപ്പോഴായി മദ്യം മോഷ്ടിക്കുകയും ഇന്നലെ വീണ്ടും മോഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രക്ഷപെട്ട പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ഇന്നലെ വൈകുന്നേരം 6.45 ഓടെ ആലപ്പുഴ ജെട്ടിപ്പാലത്തിനു സമീപമുള്ള കണ്സ്യൂമർഫെഡിന്റെ ബിവറേജസ് പ്രീമിയം കൗണ്ടറിൽ നടന്ന സംഭവത്തിൽ ഒരാൾ പിടിയിലാവുകയും മറ്റൊരാൾ ഓടി രക്ഷപെടുകയും ചെയ്തിരുന്നു..ആലപ്പുഴ വട്ടയാൽ അരയൻപറന്പിൽ സൈനുൽ നിസാമാ(34)ണ് പിടിയിലായത്.
മദ്യം വാങ്ങാൻ എത്തിയ രണ്ടു പേർ ജീവനക്കാരുടെ കണ്ണു വെട്ടിച്ച് മദ്യവുമായി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. ഒരാൾ ഓടി രക്ഷപെട്ടെങ്കിലും ഒരാളെ ജീവനക്കാരെ തടഞ്ഞുവച്ച് പോലീസിനെ അറിയിച്ചു. നോർത്ത് പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. മോഷണശ്രമത്തെത്തുടർന്ന് അര മണിക്കൂറോളം വിൽപന തടസപ്പെട്ടു. മോഷണശ്രമം നടന്നയുടൻ ജീവനക്കാർ കൗണ്ടറിന്റെ ഷട്ടർ താഴ്ത്തി.
പിന്നീട് പോലീസ് എത്തി മോഷ്ടാവിനെ കസ്റ്റഡിയിൽ എടുത്ത് കൊണ്ടു പോയ ശേഷമാണ് വിൽപന പുനരാരംഭിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി ഒൗട്ട് ലെറ്റിൽ നിന്ന് മദ്യം മോഷണം പോകുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. വൈകുന്നേരം സ്റ്റോക്കിന്റെ കണക്ക് എടുക്കുന്പോൾ പണത്തിന്റെ കുറവ് കണ്ടതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം നിരീക്ഷണ ക്യാമറ ജീവനക്കാർ പരിശോധിച്ചിരുന്നു.
തിരക്കേറിയ സമയത്ത് രണ്ട് പേർ എത്തി പതിവായി വിലകൂടിയ മദ്യം മോഷ്ടിക്കുന്നതായി മനസിലാക്കാൻ കഴിഞ്ഞു. തുടർന്ന് ക്യാമറ പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്തുകയായിരുന്നു. ഇന്നലെ ഉച്ചക്ക് രണ്ട് അംഗ സംഘം എത്തി മദ്യം കൗണ്ടറിൽ നിന്ന് എടുത്തു പണം നൽകാതെ പോയി. ഈ സമയം പുരുഷ ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കാൻ പോയിരുന്നു. വീണ്ടും ഇന്നലെ വൈകുന്നേരം 6.45ന് എത്തിയ സംഘം എത്തിയയുടൻ ജീവനക്കാർ കൗണ്ടറിന്റെ ഷട്ടർ താഴ്ത്തി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.