കോട്ടയം: ബസ് യാത്രയ്ക്കിടയിൽ പണവും സ്വർണവും ഉൾപ്പെടെ മോഷണം നടത്തുന്ന സ്ത്രീകളുടെ സംഘം വിലസുന്നു. തിരക്കുള്ള ബസുകളിൽ യാത്രചെയ്യുന്ന സ്ത്രീകളുടെ ബാഗിനുള്ളിൽനിന്നു വളരെ തന്ത്രപൂർവമാണ് പഴ്സും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും സ്ത്രീകളുടെ സംഘം തട്ടിയെടുക്കുന്നത്.
രാവിലെയും വൈകുന്നേരങ്ങളിലും കൂടുതൽ തിരക്കുള്ള സമയങ്ങളിലാണു മോഷണങ്ങൾ ഏറെയും നടക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുന്പാണു ഏറ്റുമാനൂരിൽനിന്നു ചേർപ്പുങ്കലിലേക്കു പോയ അധ്യാപികയുടെ ബാഗിനുള്ളിൽനിന്നു മോഷ്്ടാക്കൾ പഴ്സ് തന്ത്രപൂർവം മോഷ്ടിച്ചത്. കോട്ടയത്തുനിന്നു തൊടുപുഴയ്ക്കു പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു അധ്യാപിക യാത്ര ചെയ്തിരുന്നത്.
ഇവർ പരാതിയുമായി കെഎസ്ആർടിസി പാലാ ഡിപ്പോയിലെ അധികൃതരെ സമീപിച്ചപ്പോഴാണു ബാഗിനുള്ളിൽനിന്നു പണവും ആഭരണങ്ങളും ഉൾപ്പെടെയുള്ളവ നഷ്ടമാകുന്നതു പതിവ് സംഭവമാണെന്നു ഡിപ്പോ അധികൃതർ പറഞ്ഞത്. ഏതാനും നാളുകൾക്കു മുന്പു സമാനമായ സാഹചര്യത്തിൽ മറ്റൊരു അധ്യാപികയുടെ പഴ്സും നഷ്ടമായിരുന്നു.
മാന്യമായി വസ്ത്രം ധരിച്ചു ബസുകളിൽ യാത്ര ചെയ്യുന്ന മോഷ്ടാക്കളായ സ്ത്രീകൾ മോഷണം നടത്തിക്കഴിഞ്ഞാൽ തൊട്ടടുത്തുള്ള സ്റ്റോപ്പിൽ ഇറങ്ങി സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറുകയാണ് പതിവെന്നു പോലീസ് പറയുന്നു. ചിലപ്പോൾ ഇത്തരത്തിലുള്ള മോഷണം നടത്തുന്നവരെ സഹായിക്കാനായി ചില സംഘങ്ങൾ ബസുകൾക്കു പുറകെ മറ്റു വാഹനങ്ങളിലും ഇവരെ പിൻതുടരുന്നതായും പോലീസ് പറയുന്നു.
രാവിലെയും വൈകുന്നേരവും ബസുകളിൽ യാത്ര ചെയ്യുന്ന അധ്യാപികമാരും വിദ്യാർഥിനികളും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുമാണു കൂടുതലും മേഷണത്തിനിരയാകുന്നത്. ഇടക്കാലത്ത് കോട്ടയം- കുമളി റൂട്ടുകളിലായിരുന്നു മോഷണം നടത്തുന്ന സംഘങ്ങൾ സജീവമായിരുന്നത്.
എന്നാൽ അടുത്ത കാലത്ത് ഇത്തരക്കാരുടെ ഇഷ്ടതാവളം ഏറ്റുമാനൂർ- തൊടുപുഴ- ഈരാറ്റുപേട്ട റൂട്ടുകളിലായി മാറിയിരിക്കുകയാണ്. നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ പോലീസ് ജില്ലയിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. മഫ്തിയിൽ വനിതാ പോലീസ് ഉൾപ്പെടെയുള്ളവരെ നരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.